രാസവളങ്ങളുടെ വില കുതിച്ചുയരുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റ വില 50 കിലോ പാക്കറ്റിന് 1400ലെത്തി

ബദിയടുക്ക: കര്‍ഷകരെ ആശങ്കയിലാക്കി രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു. തുടര്‍ച്ചയായി വേനല്‍മഴ ലഭിക്കുകയും മഴക്കാലം അടുക്കുകയും ചെയ്തതോടെയാണ് രാസവളങ്ങളുടെ വില ഉയരാന്‍ തുടങ്ങിയത്. കോംപ്ലക്സ് വളങ്ങളുടെ വിലയാണ് നിലവില്‍ കൂടിയിരിക്കുന്നത്. പച്ചക്കറി, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, റബ്ബര്‍ എന്നിവയ്ക്കെല്ലാം കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റ വില 50 കിലോ പാക്കറ്റിന് 1400ലെത്തി.ഡിസംബറില്‍ 1300 രൂപയുണ്ടായിരുന്നതാണ് 100 രൂപ വര്‍ധിച്ച് 1400ല്‍ എത്തിയത്. 2024 ജൂണില്‍ ഇതിന്റെ വില 1225 രൂപയായിരുന്നു. കര്‍ഷകര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വളത്തിന്റെ വിലയില്‍ ഒരുവര്‍ഷം കൊണ്ട് 175 രൂപയുടെ വര്‍ധനവാണുണ്ടായത്. 15.15.15ന്റെ വില ജൂണില്‍ 1300 ഉണ്ടായിരുന്നത് ഇപ്പോള്‍ 1470ലെത്തി. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന്റെ വില 1500ല്‍ നിന്ന് 1550 ആയി ഉയര്‍ന്നു.നിലവില്‍ കൂട്ടുവളങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെങ്കിലും സീസണാകുമ്പോള്‍ അതും ഉയരാനാണ് സാധ്യത.
മിക്ക വിളകള്‍ക്കും പ്രധാനമായി കര്‍ഷകര്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, ഡി.എ.പി, 15.15.15 തുടങ്ങിയ വളങ്ങളുടെ വില വര്‍ധിച്ചത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയാവുകയാണ്.വില വര്‍ധനയ്ക്കൊപ്പം വളപ്രയോഗം നടത്തേണ്ട സമയത്തുള്ള ലഭ്യതക്കുറവും പ്രശ്നമാണ്.
വന്യമൃഗശല്യവും കാലവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന രോഗങ്ങളും ഉല്പാദനക്കുറവുമൊക്കെ കാരണം ബുദ്ധിമുട്ടിലായ കര്‍ഷകരെ വളങ്ങളുടെ വിലവര്‍ധനവും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.