ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ ലഹരി വേട്ട; ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; അറസ്റ്റിലായ പ്രതികള്‍ റിമാണ്ടില്‍

വിജയ് ഭാരത റെഡ്ഡി ഐ.പി.എസിന്റെയും ഡി.വൈ.എസ്. പി കെ. സുനില്‍ കുമാറിന്റെയും മേല്‍നോട്ടത്തില്‍ ബദിയടുക്ക പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

ബദിയടുക്ക: ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ ലഹരി വേട്ടയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് ഇഖ് ബാല്‍ (38), ഏണിയര്‍പ്പ് ലൈഫ് കോളനിയിലെ മുഹമ്മദ് ആസിഫ്(31)എന്നിവരെയാണ് കോടതി റിമാണ്ട് ചെയ്തത്.

ലൈഫ് കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. പാതിരാത്രിവരെ വാഹനങ്ങളിലും മറ്റും ആളുകള്‍ ഇവിടെ എത്തുന്നത് കോളനിയിലെ സമീപവാസികള്‍ക്ക് ശല്യമായിരുന്നു.

ഇത് നിരന്തരം പരാതിക്കിടയാക്കിയിരുന്നു. ഇവിടുത്തെ മയക്കു മരുന്ന് വില്‍പ്പനയെ കുറിച്ച് ഉത്തരദേശം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പരാതിയുടേയും വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി വിജയ് ഭാരത റെഡ്ഡി ഐ.പി.എസിന്റെയും കാസര്‍കോട് ഡി.വൈ.എസ്. പി കെ. സുനില്‍ കുമാറിന്റെയും മേല്‍നോട്ടത്തില്‍ ബദിയടുക്ക പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

ബേള വില്ലേജിലെ ഏണിയര്‍പ്പില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്ക് വാങ്ങി ലഹരി വ്യാപാരം നടത്തുകയായിരുന്ന സംഘത്തിലെ രണ്ടു പേരെയാണ് ബദിയടുക്ക സി.ഐ കെ. സുധീറും സംഘവും അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച 50 വീടുകളില്‍ ഒരു വീട് വാടകയ്‌ക്കെടുത്താണ് സംഘം ലഹരി വ്യാപാരം നടത്തിവന്നത്.


ശനിയാഴ്ച വൈകിട്ടോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും പാക്കറ്റുകളിലാക്കി സൂക്ഷിച്ച 26.100 ഗ്രാം മാരക മയക്കു മരുന്നായ എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നല്‍ പരിശോധന. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകളില്‍ പാതി വഴിയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ചില വീടുകള്‍ സാമൂഹ്യ വിരുദ്ധരുടേയും ലഹരി ഉപയോഗിക്കുന്ന സംഘത്തിന്റെയും താവളമാണ്.

മുഹമ്മദ് ആസിഫ് നിരവധി ലഹരി കേസില്‍ പ്രതിയാണെന്നും ബദിയടുക്ക പൊലീസ് കാപ ചുമത്തി ജയിലിലടച്ച് നാല് മാസം മുമ്പ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്ക് മരുന്ന് വില്‍പ്പന ശ്യംഖലയില്‍ മറ്റു പ്രതികളുണ്ടെന്നും അവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it