സ്‌കൂളിന് കളിസ്ഥലം ഒരുക്കുന്നതിന് നീക്കിയ മണ്ണ് സമീപത്തെ വീടുകള്‍ക്ക് അപകട ഭീഷണിയാവുന്നതായി പരാതി

കുംബഡാജെ കരുവള്‍ത്തടുക്കയിലെ മുരളീധരന്റെ വീടിനാണ് അപകട ഭീഷണിയായത്.

കുംബഡാജെ: സ്‌കൂളിന് കളിസ്ഥലം ഒരുക്കുന്നതിന് നീക്കിയ മണ്ണ് മഴവെള്ള പാച്ചിലില്‍ കുത്തിയൊലിച്ച് സമീപത്തെ വീടിനും റോഡിനും അപകട ഭീഷണിയാകുന്നതായി പരാതി. കുംബഡാജെ കരുവള്‍ത്തടുക്കയിലെ മുരളീധരന്റെ വീടിനാണ് അപകട ഭീഷണിയായിട്ടുള്ളത്. കരുവള്‍ത്തടുക്കയിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് കളിസ്ഥലം ഒരുക്കുന്നതിനായി സ്‌കൂളിന് സമീപത്തെ മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ അതിന് ചുറ്റും പാര്‍ശ്വഭിത്തി പണിതതുമില്ല.

നീക്കം ചെയ്ത മണ്ണ് അതേപടി ഉപേക്ഷിച്ച് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സ്‌കൂളിന് സമീപത്തെ വീടുകള്‍ക്ക് അപകട ഭീഷണിയാവുകയാണുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് മുരളീധരന്റെ വീടിന് സമീപത്തെ ചുറ്റുമതിലിന് വിള്ളല്‍ അനുഭവപ്പെട്ടു.

സമീപത്ത് കൂടി കടന്നുപോവുന്ന കരുവള്‍ത്തടുക്ക-ഏത്തടുക്ക റോഡില്‍ മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ അപകട ഭീഷണിയേറെയാണ്. ഇത് സംബന്ധിച്ച് വീട്ടുടമ മുരളി കുംബഡാജെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ ഗ്രൗണ്ട് നന്നാക്കുന്നതിനായി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി ഒരു വ്യക്തിക്ക് കരാര്‍ നല്‍കിയിരുന്നതായും എന്നാല്‍ കരാറുകാരന്‍ ഗ്രൗണ്ടിന് സംരക്ഷണ ഭിത്തി പണിയാതെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഇതാണ് മണ്ണ് കുത്തിയൊലിച്ച് സമീപത്തെ വീടുകള്‍ക്ക് അപകട ഭീഷണിയാകാന്‍ കാരണമായതെന്നും ഗ്രൗണ്ടിന് സംരക്ഷണ ഭിത്തി പണിയുന്നതിന് ഇതേ സാമ്പത്തിക വര്‍ഷം ഫണ്ട് നീക്കി വെക്കാന്‍ പഞ്ചായത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ പൊടിപ്പള്ളം പറഞ്ഞു.

Related Articles
Next Story
Share it