നാടുവിട്ട ശേഷം തിരിച്ചെത്തിയ യുവതിയെയും കുട്ടിയെയും വീണ്ടും കാണാതായി
ജൂണ്‍ മൂന്നിനും യുവതിയെ 2 മക്കള്‍ക്കൊപ്പം കാണാതായിരുന്നു

ബദിയടുക്ക: ഒരിക്കല്‍ നാടുവിട്ട ശേഷം തിരിച്ചെത്തിയ യുവതിയെയും കുട്ടിയെയും വീണ്ടും കാണാതായി. ഷേണി പട്ളത്തലയിലെ ചിത്രകല(33), മൂന്നരവയസുള്ള മകള്‍ സുചി എന്നിവരെയാണ് കാണാതായത്. ജൂലൈ ഒന്നിന് രാവിലെ എട്ടുമണിക്കും വൈകിട്ട് 4.30നും ഇടയിലുള്ള സമയത്താണ് ചിത്രകലയെയും കുട്ടിയെയും കാണാതായതെന്നാണ് ഭര്‍ത്താവ് ഗംഗാധരന്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജൂണ്‍ മൂന്നിന് ചിത്രകല മക്കളായ സുചിയെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനെയും കൂട്ടി നാടുവിട്ടിരുന്നു. മകന്റെ ടി.സി വാങ്ങിയ ശേഷം കര്‍ണ്ണാടക ഈശ്വരമംഗലത്തെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രകല ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി മക്കളുമൊത്ത് നാട്ടില്‍ തിരിച്ചെത്തുകയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു.
കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് ചിത്രകല ഭര്‍ത്താവിനൊപ്പം പോകുകയായിരുന്നു. അതിന് ശേഷമാണ് മകളെയും കൊണ്ട് ചിത്രകല നാടുവിട്ടത്. കോട്ടയം സ്വദേശിയായ യുവാവിനൊപ്പമാണ് ചിത്രകല പോയതെന്ന് പൊലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചു.