ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ജയിലില്‍ നിന്നിറങ്ങി വീണ്ടും അക്രമം കാട്ടിയതായി പരാതി

വീട്ടില്‍ വടിയുമായി അതിക്രമിച്ച് കയറി ഭീഷണിമുഴക്കുകയും ജനല്‍ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി

ബദിയടുക്ക: മുസ്ലിംലീഗ് നേതാവിനെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്ന യുവാവ് ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും അക്രമം കാട്ടിയതായി പരാതി. നെക്രാജെ ചന്ദ്രംപാറയിലെ ഷെരീഫിനെതിരെയാണ് പരാതി നല്‍കിയത്.

പരാതിയില്‍ ഷെരീഫിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. മുസ്ലിംലീഗ് നേതാവ് നെക്രാജെ ചന്ദ്രംപാറയിലെ ഒ.പി ഹനീഫയുടെ(53) വീട്ടില്‍ വടിയുമായി അതിക്രമിച്ച് കയറി ഭീഷണിമുഴക്കുകയും ജനല്‍ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. മാസങ്ങള്‍ക്ക് മുമ്പ് ഹനീഫയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ഷെരീഫിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ഷെരീഫ് മുന്‍വൈരാഗ്യം കാരണം അക്രമം നടത്തിയെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഷെരീഫ് ഹനീഫയുടെ വീട്ടില്‍ വടിയുമായി അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന്ന ഹനീഫയുടെ മക്കളെ ഭീഷണിപ്പെടുത്തുകയും ജനല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it