ഏത്തടുക്ക-നേരപ്പാടി തടയണയുടെ പലക നീക്കിയില്ല; സംരക്ഷണ ഭിത്തി തകര്‍ന്നു, കൃഷിയിടത്തില്‍ വെള്ളം കയറി
എല്ലാ വര്‍ഷവും കരാര്‍ വിളിച്ചയാള്‍ മഴക്കാലത്തിന് മുമ്പ് തടയണയുടെ പലക നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി ഇരുഭാഗങ്ങളും വൃത്തിയാക്കണമെന്നാണ് കരാര്‍.

ബദിയടുക്ക: കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക തോടിന് സമീപമുള്ള നിടുവണ വയല്‍ തടയണയുടെ പലക കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സമീപത്തെ കൃഷിയിടം നശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ തടയണയില്‍ വന്‍തോതില്‍ വെള്ളം കെട്ടിനില്ക്കുകയും വേനലില്‍ പാകിയ പലകകള്‍ തടസമാവുകയും ചെയ്തു.
എല്ലാ വര്‍ഷവും കരാര്‍ വിളിച്ചയാള്‍ മഴക്കാലത്തിന് മുമ്പ് തടയണയുടെ പലക നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി തടയണയുടെ ഇരുഭാഗങ്ങളും വൃത്തിയാക്കണമെന്നാണ് കരാര്‍. എന്നാല്‍ ഇത്തവണ ഇത് വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ തോട്ടങ്ങളില്‍ വെള്ളം കയറുകയും ഇത് മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു.
സമീപത്തെ നേരപ്പാടിയിലെ കര്ഷകന് കേശവ ശര്‍മ്മയുടെ രണ്ട് തെങ്ങുകള്‍ കടപുഴകി വീണു. മറ്റു കാര്‍ഷിക വിളകളും നശിച്ചു. സമീപത്തെ മോട്ടോര്‍ ഷെഡ് വരെ മണ്ണ് ഇടിഞ്ഞുവെങ്കിലും ഷെഡ്ഡിന് നാശമുണ്ടായില്ല.
മഴ തുടര്‍ന്നാല്‍ ഷെഡ് തകരുമെന്ന ഭീതിയുണ്ട്. പുഴയോരത്തെ തടയണ ഭിത്തികള്‍ തകരും മുമ്പ് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ അണക്കെട്ടിന് സമീപത്തായാണ് നേരപ്പാടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. സ്കൂള്‍ കുട്ടികള്‍ക്കും മറ്റും സഞ്ചരിക്കാന്‍ ഏറെ സൗകര്യപ്രദമാണ് തൂക്കുപാലം.
എന്നാല്‍ തടയണയില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് തൂക്കുപാലത്തിനും ഭീഷണിയാണ്. തൂക്കുപാലത്തിന്റെ ഇരുവശങ്ങളിലെയും അടിത്തറ തകര്‍ന്ന നിലയിലാണ്. അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിന് കാതോര്‍ക്കേണ്ടി വരുമെന്നാണ് ഭീതി.