ബദിയടുക്കയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; ഒരു പ്രതി കൂടി അറസ്റ്റില്‍
ബദിയടുക്കയിലും പരിസരങ്ങളിലും മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ്

ബദിയടുക്ക: പിലാങ്കട്ടയില്‍ നിന്ന് ലക്ഷങ്ങളുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ബദിയടുക്ക മൂക്കംപാറയിലെ അലക്സ് ചാക്കോ(31)യെ ആണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിന്റെ കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച 107.090 ഗ്രാം എം.ഡി.എം.എ യുമായി നെക്രാജെ പിലാങ്കട്ട പിലവിന്റടിയിലെ മുഹമ്മദ് റഫീഖി23)നെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് അലക്സ് ചാക്കോയാണ് വില്‍പ്പനക്കായി എം.ഡി.എം.എ ഏല്‍പ്പിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അലക്സിനെ അറസ്റ്റ് ചെയ്തതെന്നും ബദിയടുക്കയിലും പരിസരങ്ങളിലും മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് കണ്ണൂര്‍ റേഞ്ച് തലത്തില്‍ നടക്കുന്ന കോമ്പിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ മേല്‍നോട്ടത്തില്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗര്‍ എസ്. ഐ പ്രതീഷ് കുമാര്‍ എം.പി, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പ്രൊബേഷനറി എസ് .ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അനിത എന്നിവര്‍ ചേര്‍ന്നാണ് വീട് റെയ്ഡ് ചെയ്ത് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മയക്ക് മരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.