കന്യപ്പാടി-പടിപുര വളവില്‍ അപകടം പതിവാകുന്നു; ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും സഹയാത്രികനും പരിക്ക്

കുമ്പള ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് കോഴി മുട്ടയുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്‌

കന്യപ്പാടി: ബദിയടുക്ക -കുമ്പള കെ.എസ്.ടി.പി റോഡിലെ കന്യപ്പാടി പടിപുര വളവില്‍ അപകടം പതിവാകുന്നു. കുമ്പള ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് കോഴി മുട്ടയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറും സഹയാത്രികനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഒരു മണിയോടെയാണ് അപകടം.

നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുണ്ടായിരുന്ന റോഡ് തകര്‍ന്ന് തരിപ്പണമായി സഞ്ചാരയോഗ്യമല്ലാതായതിനെ തുടര്‍ന്ന് വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ കെ.എസ്.ടി.പിയുടെ കീഴിലുള്ള ആര്‍.ഡി.എസ് പ്രോജക്ട് റോഡ് പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.

കുമ്പള മുതല്‍ മുള്ളേരിയ വരെയുള്ള സ്ഥലങ്ങളിലുള്ള വളവുകള്‍ നികത്തി റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും കന്യപ്പാടി പടിപ്പുരയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനരികിലൂടെ കടന്ന് പോകുന്ന റോഡ് 'സെഡ്' ആകൃതിയിലുള്ള വളവോട് കൂടിയ സ്ഥലമായതിനാല്‍ ഇവിടെ നേരത്തെ തന്നെ അപകടം പതിവായിരുന്നു. വളവ് നികത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെങ്കിലും സമീപത്തെ സ്ഥല ഉടമ റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്തില്ല.

ഇതേ തുടര്‍ന്ന് പാതയിലെ വളവ് നികത്തിയതുമില്ല. പടിപുര വളവ് വരെ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് വളവ് അതേപടി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇവിടെ അപകട സൂചന ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇത് അപകടത്തിന് കാരണമാകുന്നുവെന്നും റോഡിലെ വളവ് നികത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Related Articles
Next Story
Share it