പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ എട്ടുവയസുകാരന്‍ മരിച്ചു

ഉളിയത്തടുക്ക പള്ളത്ത് പ്രഭാകരന്റെയും അനുഷയുടെയും മകന്‍ പ്രണുഷ് ആണ് മരിച്ചത്

ബദിയടുക്ക: പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു. ഉളിയത്തടുക്ക പള്ളത്ത് പ്രഭാകരന്റെയും അനുഷയുടെയും ഏകമകന്‍ പ്രണുഷ് ആണ് മരിച്ചത്. ബേള സെന്റ് മേരീസ് സ്‌കൂളിലെ രണ്ടാംതരം വിദ്യാര്‍ത്ഥിയാണ്. അമ്മ അനുഷ ഇതേ സ്‌കൂളില്‍ അധ്യാപികയാണ്.

ഒക്ടോബര്‍ മൂന്നിന് വൈകിട്ട് 5.15 മണിയോടെ ബേള കട്ടത്തങ്ങാടിയിലാണ് അപകടമുണ്ടായത്. പ്രണുഷിനെ പിന്നിലിരുത്തി പ്രഭാകരന്‍ സ്‌കൂട്ടറോടിച്ച് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ കുട്ടി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന പ്രണുഷ് തിങ്കളാഴ്ചയാണ് മരിച്ചത്. മംഗളൂരു ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബേള സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Articles
Next Story
Share it