ചിരട്ടയ്ക്ക് റെക്കോര്‍ഡ് വില; ബദിയടുക്കയില്‍ 25 ചാക്ക് ചിരട്ടകള്‍ മോഷ്ടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

മോഷണം പോയത് 15,000 രൂപ വില വരുന്ന ചിരട്ടകള്‍

ബദിയടുക്ക: തേങ്ങയ്ക്കും ചിരട്ടയ്ക്കും വില കൂടിയതോടെ മോഷണവും പെരുകുന്നു. മുണ്ട്യ പള്ളത്തെ ഓയില്‍ മില്ലിന് സമീപം സൂക്ഷിച്ചിരുന്ന 25 ചാക്ക് ചിരട്ടകള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാവിലം പാറയിലെ അരുണ്‍(28), ചാത്തങ്കോട് നട സ്വദേശി അല്‍ത്താഫ്(25) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജൂണ്‍ 16നാണ് പച്ചമ്പള്ള സ്വദേശി സക്കറിയയുടെ ഉടമസ്ഥതയില്‍ പള്ളത്ത് പ്രവര്‍ത്തിക്കുന്ന ഫ് ളവര്‍ ഓയില്‍ മില്ലിന് മുന്‍വശത്ത് സൂക്ഷിച്ചിരുന്ന 15,000 രൂപ വില വരുന്ന 25 ചാക്ക് ചിരട്ടകള്‍ മോഷണം പോയത്. ചിരട്ടകള്‍ നിറച്ച ചാക്കുകള്‍ പിക്കപ്പ് വാനിലാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. പിക്കപ്പ് വാനിന്റെ ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വിവിധ ഭാഗങ്ങളില്‍ നിന്ന് ചിരട്ടകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രൊബേഷന്‍ എസ്.ഐ രൂപേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗോകുല്‍, വിനോദ്, അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.




Related Articles
Next Story
Share it