ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ മരുന്ന് വിതരണത്തിന് സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. ഇത് ഭരണഘടനാ വിരുദ്ധമെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്രമന്ത്രിക്ക് നല്കിയ കത്തില്‍ പറഞ്ഞു. കൊവിഡ് രോഗികള്‍ക്ക് നല്കാന് അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാനാണ് സേവാ ഭാരതിയെ ചുമതലപ്പെടുത്തിയത്.
മരുന്ന് വിതരണത്തിന് സേവാ ഭാരതി വളണ്ടിയര്‍മാരുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിന്റെ (സിസിആര്‍എഎസ്) വിവാദ ഉത്തരവ് പിന്‍വലിക്കണം എന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപത് നായ്ക്കിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തില്‍ വിശ്രമമില്ലാതെ പങ്കാളികളാവുന്ന ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ് ഈ ഉത്തരവ്.
ആര്‍എസ്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സേവാ ഭാരതിയെ മരുന്ന് വിതരണത്തിനായി സംസ്ഥാന സര്‍ക്കാറുകളും സര്‍ക്കാര്‍ ജില്ലാ ഭാണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചുമതലപ്പെടുത്തണമെന്നാണ് സി.സി.ആര്.എ.എസ് ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതിലൂടെ ഒരു മടിയുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ ചായ്വ് കാണിക്കുകയാണ് സി.സി.ആര്.എ.എസ് ചെയ്തിരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമായ സി.സി.ആര്.എ.എസ് ആയുര്‍വേദത്തില്‍ ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തുന്ന ഏജന്‍സിയാണ്. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി അത് അധഃപതിച്ചിരിക്കുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. എത്രയും വേഗം ഉത്തരവ് പിന്‍വലിക്കണമെന്നും തീരുമാനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുതകുന്ന തരത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് നല്കി. സര്‍ക്കാര്‍ കാര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പരമ പ്രധാനമായി വേണ്ടത് ഐക്യമാണെന്നും അ്ദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച (CCRAS) ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ആര്‍എസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുര്‍വേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്‍കാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവര്‍ത്തകര്‍ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവര്‍ക്ക് പ്രത്യേക പാസ് നല്‍കണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്.