കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ രണ്ട് ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ സന്ദീപ് (25), സിജു (32) എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ വി.ബി. അനസിനെയും ജിനേഷിനെയും ആക്രമിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ സ്പെഷല്‍ പട്രോളിങ് നടത്തവെ കലൂര്‍ ജഡ്ജസ് അവന്യൂ ഭാഗത്ത് എട്ട് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട പോലീസുകാര്‍ ഇവരോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിക്കാതെ ഇവരെ പോലീസിനെ അസഭ്യം പറഞ്ഞു. ഇത് പൊലീസിലൊരാള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ സംഘം ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ആക്രമിക്കുകയുമായിരുന്നു.
കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയതിനെത്തുടര്‍ന്ന് ഇവര്‍ ഓടിപ്പോയി. മണപ്പാട്ടിപ്പറമ്പ് ഭാഗത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.