കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ കടന്നുവരവോടെ ഇടതുപക്ഷത്തില്‍ തങ്ങള്‍ക്ക് കിട്ടേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് മാണി സി കാപ്പന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എന്‍.സി.പിക്ക് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്നും കടുത്ത അവഗണന നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം കഴിഞ്ഞതവണ നാനൂറോളം സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ 165 സീറ്റാണ് തന്നത്. ഒന്‍പത് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ലീഡ് ചെയ്തതാണ്. അതില്‍ രണ്ട് സീറ്റാണ് തന്നത്. പാലായില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ശക്തമായി പ്രതിഷേധിക്കുന്നു. എല്‍ഡിഎഫില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും. ഇടതുപക്ഷത്തിനൊപ്പമാണ് ജനവികാരമെന്ന് വിശ്വസിക്കുന്നതായും മാണി സി. കാപ്പന് പറഞ്ഞു.