മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി മലപ്പുറത്ത് ചേര്‍ന്നു. ഇത്തവണ അധിക സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാനും ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കും ഒപ്പം നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്കും ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യോഗത്തില്‍ ചുമതലപ്പെടുത്തി.
ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നു സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങളും മറ്റു കാര്യങ്ങളും തങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിന് പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് ലീഗ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തുടര്‍ ചര്‍ച്ചകളില്‍ പരിഗണിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതരെഞ്ഞെടുപ്പ് നടത്തുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതിനാല്‍ അതിനുള്ള സ്ഥാനാര്‍ഥി, നിലവിലെ രാജ്യസഭാ എംപി പി.വി അബ്ദുല്വഹാബിന്റെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി എന്നീ പ്രഖ്യാപനങ്ങളും നടക്കും. മൂന്നിടങ്ങളിലെയും സാധ്യതകള്‍ ചര്‍ച്ച ചെയ്തായിരിക്കും പട്ടിക തയാറാക്കുക.
ഇത്തവണ വനിതാ സ്ഥാനാര്ഥിയുമുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് അധികമായി ലഭിക്കുന്ന മണ്ഡലങ്ങള്‍ കൂടി പരിഗണിച്ചാകും ആരൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കുക. 30 സീറ്റുകളില്‍ മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കണക്കുപ്രകാരം യു.ഡി.എഫില്‍ 24 സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. ഐശ്വര്യ കേരള യാത്ര സമാപിക്കുന്നതോടെ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും.