പ്രവാസികളെന്താ കോവിഡ് വാഹകരോ?

അല്ലെങ്കിലും അതങ്ങനെയാണ്. അവഗണന എറ്റുവാങ്ങുന്നവര്‍ക്ക് എവിടെയും അവഗണ മാത്രമാണ്. കുടുംബം പോറ്റാന്‍ വേണ്ടി വിമാനം കയറിയവന്‍ പിന്നീടെപ്പോഴോ അവന്‍ ആര്‍ക്കും വേണ്ടാത്തവനും ജനിച്ചു വളര്‍ന്ന നാട്ടിലെ അതിഥിയുമായി മാറിപോവുന്നവനുമാണ്; പ്രവാസി. ഒരു പ്രവാസിക്ക് നാട്ടിലുള്ള വില എന്താണെന്ന് (പിരിവിന്റെ ആവശ്യത്തിനല്ലാതെ) ഒരുപാട് മനസ്സിലാക്കി തന്ന സാഹചര്യമാണ് കോവിഡ് കാലം. ലോകം മുഴുവനും ഈ വൈറസിന്റെ ഭീതിയില്‍ നിന്ന് സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞപ്പോള്‍ അതിനൊരുപിടി അധികമായി മാനസികമായി പ്രവാസിയെ അകറ്റി നിര്‍ത്തിയവരാണ് ചിലരെങ്കിലും. ഗള്‍ഫിലുള്ള നിയമങ്ങളൊക്കെ പാലിച്ചു […]

അല്ലെങ്കിലും അതങ്ങനെയാണ്. അവഗണന എറ്റുവാങ്ങുന്നവര്‍ക്ക് എവിടെയും അവഗണ മാത്രമാണ്. കുടുംബം പോറ്റാന്‍ വേണ്ടി വിമാനം കയറിയവന്‍ പിന്നീടെപ്പോഴോ അവന്‍ ആര്‍ക്കും വേണ്ടാത്തവനും ജനിച്ചു വളര്‍ന്ന നാട്ടിലെ അതിഥിയുമായി മാറിപോവുന്നവനുമാണ്; പ്രവാസി.
ഒരു പ്രവാസിക്ക് നാട്ടിലുള്ള വില എന്താണെന്ന് (പിരിവിന്റെ ആവശ്യത്തിനല്ലാതെ) ഒരുപാട് മനസ്സിലാക്കി തന്ന സാഹചര്യമാണ് കോവിഡ് കാലം. ലോകം മുഴുവനും ഈ വൈറസിന്റെ ഭീതിയില്‍ നിന്ന് സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞപ്പോള്‍ അതിനൊരുപിടി അധികമായി മാനസികമായി പ്രവാസിയെ അകറ്റി നിര്‍ത്തിയവരാണ് ചിലരെങ്കിലും.
ഗള്‍ഫിലുള്ള നിയമങ്ങളൊക്കെ പാലിച്ചു വരുന്ന ഒരു പ്രവാസിക്ക് നാട്ടിലെ നിയമം അനുസരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പക്ഷെ നിയമം നിയമം പോലെയാവണമെന്ന് മാത്രമാണ് പറയാനുള്ളത്.
വര്‍ഷങ്ങള്‍ മണലാരാണ്യത്തില്‍ പണിയടുത്ത് ഒരു ശരാശരി പ്രവാസി നാട്ടിലേക്ക് അവധിക്ക് വരാന്‍ ലീവൊന്ന് ശരിയായി കിട്ടാന്‍ എന്ത് മാത്രം പെടാപാട് പെടുന്നുണ്ടെന്ന് അതനുനുഭവിച്ചവര്‍ക്കേ അറിയൂ. അവസാനം എല്ലാം ശരിയായി എണ്ണി തിട്ടപ്പെടുത്തിയുള്ള ദിവസങ്ങള്‍ അനുവദിച്ചു കൊടുത്തപ്പോള്‍ പിന്നീടുള്ള അവന്റെ ചിന്തകള്‍ മുഴുവനും നാട്ടിലുള്ള ആ ദിവസങ്ങള്‍ എങ്ങനെയൊക്കെ മനോഹരമാക്കി തീര്‍ക്കാം എന്നുള്ളതാണ്.
അവിടെയാണ് നിങ്ങള്‍ പ്രവാസികള്‍ നാട്ടിലെത്തിയാല്‍ നിശ്ചിത ദിവസം ക്വാറന്റൈന്‍ വേണമെന്ന് അധികൃതര്‍ പറയുന്നത്. ശരി ഞങ്ങളത് അംഗീകരിക്കാം. സര്‍ക്കാറിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കുന്ന ശീലമേ പ്രവാസികള്‍ക്കുള്ളു. എന്നാല്‍ ഒരു ചോദ്യം അങ്ങോട്ട് ചോദിച്ചോട്ടെ: നിങ്ങള്‍ പറയുന്ന ഈ നിയമം പാലിച്ച് ഞങ്ങള്‍ മുറിയില്‍ വാതിലടച്ചിരിക്കുമ്പോള്‍ പുറത്ത് ജനങ്ങള്‍ തിങ്ങിക്കൂടി ഒരു നിയന്ത്രണവുമില്ലാതെ സമ്മേളനങ്ങളും സമരങ്ങളുമായി നീങ്ങുന്ന കാഴ്ചയാണല്ലോ കാണുന്നത്. എന്തിനാണ് പ്രവാസികളോട് മാത്രം ഇങ്ങനെയൊരു അവഗണനയും അകല്‍ച്ചയും.
പലര്‍ക്കും ജാഥ നടത്താം, ഉദ്ഘാടനം നടത്താം, സമ്മേളനം വെക്കാം, എത്ര ആള്‍കൂട്ടം വേണമെങ്കിലും സംഘടിപ്പിക്കാം. അവിടെയൊന്നും കൊറോണ പ്രശ്നമല്ല. പിന്നെ പ്രശ്‌നമെവിടെയാണ്. അത് ഗള്‍ഫുകാരാണ്. അവരെയാണ് അകറ്റി നിര്‍ത്തുന്നത്. പൂട്ടിയിടുന്നത്. ഇത് ശരിയാണോ.
നിങ്ങളൊന്ന് ഓര്‍ക്കണം പ്രവാസികളിലധികവും രണ്ടും മൂന്നും ഡോസ് വാക്‌സിന്‍ എടുത്താവരാണ്. നാട്ടില്‍ വരാനായി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒട്ടുമിക്കവരും പി.സി.ആര്‍ ടെസ്റ്റ് നടത്തും. അതില്‍ നെഗറ്റീവ് ആണെങ്കില്‍ മാത്രമേ അവര്‍ നാട്ടിലേക്ക് തിരിക്കുന്നുള്ളു. നാട്ടിലിറങ്ങിയ ചിലര്‍ക്ക് കോവിഡ് പോസ്റ്റിവായി എന്നുവെച്ച് മൊത്തം പ്രവാസികളോട് നാട്ടിലെത്തിയാല്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന് നിര്‍ദ്ദേശിക്കുന്നത് ഒരു വിവേചനമാണെന്ന് പ്രവാസികള്‍ ചിന്തിച്ചുപോയാല്‍ എങ്ങനെ തെറ്റുപറയാനാവും.
കല്യാണം നിശ്ചയിച്ച് ലീവ് കുറവായത് കൊണ്ട് തിയ്യതിക്ക ്അടുപ്പിച്ചിട്ട് വന്ന പ്രവാസിയുണ്ടാവാം കൂട്ടിലടച്ചവരില്‍. മക്കളോടൊപ്പം ചെലവഴിക്കാന്‍ സ്വപ്‌നം കണ്ട് ഒരു മാസത്തെ അവധി മാത്രം കിട്ടിയവനുണ്ടാവാം. അങ്ങനെ പലരും പലരും...
അവിടെ ഓരോ പ്രവാസിക്കും നഷ്ടപ്പെടുന്നത് അവന്റെ ഒരുപാട് നാളത്തെ സ്വപ്‌നവും പ്രതീക്ഷയുമാണെന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ്.

Related Articles
Next Story
Share it