'അറബി, അറബി... ഖലാസ്, ഖലാസ്...'

പുതിയൊരു ഭാഷ പഠിക്കുകയെന്നാല്‍ മറ്റൊരു ലോകത്തെ, അല്ലെങ്കില്‍ സംസ്‌കാരത്തെ ഉത്തരവാദിത്വത്തോടെ പഠിക്കുക എന്ന് കൂടിയാണ്. ഭാഷാപഠനം ഒരു വിനോദമാക്കിയെടുത്തവര്‍ തീരെ വിരളമല്ല. ഇന്ത്യന്‍ അഭിനേതാവായ ദിലീപ് കുമാര്‍ പന്ത്രണ്ട് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കനായിരുന്നു. എങ്കിലും ശരി, ലോകത്തില്‍ ആകെ മൂന്ന് ശതമാനം ആള്‍ക്കാര്‍ മാത്രമേ നാലിലേറെ ഭാഷകളില്‍ പ്രാവീണ്യമുള്ളവരായുള്ളൂ എന്നതാണ് കണക്ക്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വച്ച് വാണിദാസ് എളയാവൂറിനെ ആദരിക്കുന്ന ഒരു ചടങ്ങില്‍ മുന്‍ ഡി.ജി.പി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് […]

പുതിയൊരു ഭാഷ പഠിക്കുകയെന്നാല്‍ മറ്റൊരു ലോകത്തെ, അല്ലെങ്കില്‍ സംസ്‌കാരത്തെ ഉത്തരവാദിത്വത്തോടെ പഠിക്കുക എന്ന് കൂടിയാണ്. ഭാഷാപഠനം ഒരു വിനോദമാക്കിയെടുത്തവര്‍ തീരെ വിരളമല്ല. ഇന്ത്യന്‍ അഭിനേതാവായ ദിലീപ് കുമാര്‍ പന്ത്രണ്ട് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കനായിരുന്നു. എങ്കിലും ശരി, ലോകത്തില്‍ ആകെ മൂന്ന് ശതമാനം ആള്‍ക്കാര്‍ മാത്രമേ നാലിലേറെ ഭാഷകളില്‍ പ്രാവീണ്യമുള്ളവരായുള്ളൂ എന്നതാണ് കണക്ക്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വച്ച് വാണിദാസ് എളയാവൂറിനെ ആദരിക്കുന്ന ഒരു ചടങ്ങില്‍ മുന്‍ ഡി.ജി.പി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് സന്നിഹിതനായിരുന്നു. പ്രഭാഷണത്തിനിടെ അറബിഭാഷ പഠിക്കാത്തതില്‍ തനിക്ക് സങ്കടം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞുവത്രേ. ആ സദസ്സിലുണ്ടായിരുന്ന പ്രൊഫസര്‍ ഷംസുദ്ദീന്‍ പാലക്കോടിന്റെ ഒരു കുറിപ്പിലാണ് ഞാന്‍ ഈ കാര്യം വായിച്ചത്. മധ്യപൗരസ്ത്യ ദേശങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ അറബി ഭാഷ അറിയാത്തതിന്റെ പേരിലുണ്ടായ ദുരിതാനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 'യാത്ര ശിക്ഷയുടെ പകുതിയാകുന്നു' എന്നര്‍ത്ഥം വരുന്ന ഒരു നബിവചനം ഉണ്ട്. അത് അനുഭവമാണ് താനും. അതോടൊപ്പം ഭാഷ കൂടി അറിഞ്ഞില്ലെങ്കില്‍ യാത്രാദുരിതത്തിന്റെ കടുപ്പം ഊഹിക്കാവുന്നതേയുള്ളൂ. ഒരു വിവര്‍ത്തകനെയും കൂട്ടി യാത്ര ചെയ്യാനാവില്ലല്ലോ.
ഈ കുറിപ്പുകാരനും ദീര്‍ഘയാത്ര ഒരു പേടിസ്വപ്‌നമാണ്. പക്ഷേ പുണ്യ കര്‍മ്മമായ 'ഉംറ' നിര്‍വ്വഹിക്കാന്‍ വേണ്ടി ഒരു അവസരം വീണുകിട്ടിയതിനാല്‍ കോവിഡ് കൊടികുത്തിവാഴുന്നതൊന്നും കണക്കിലെടുക്കാതെ ഈയടുത്തകാലത്ത് സൗദിയിലേക്ക് യാത്രതിരിച്ചു. ദമാം വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം രണ്ടു വയസ്സുകാരനായ പേരക്കുട്ടിയടക്കമുള്ള ഞങ്ങളെ നേരെ കൊണ്ടുപോയി വിട്ടത് ക്വാറന്റൈന്‍ എന്ന മനോഹര നാമത്തിലറിയപ്പെടുന്ന ഏകാന്ത തടവിനായാണ്. അത് ഒരു ഹോട്ടലിലായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടുവാന്‍ അനുവാദമില്ല. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ കാളിദാസന് മേഘസന്ദേശം രചിക്കാന്‍ ഉപയുക്തമായിരിക്കാമെങ്കിലും ഞങ്ങള്‍ക്കത് ദുഃഖ നിര്‍ഭരവും തീര്‍ത്തും ഉപയോഗശൂന്യവുമായിരുന്നു എന്ന് പറയേണ്ടിവരും.
അറബിയല്ലാതെ മറ്റൊന്നും സംസാരിക്കാന്‍ അറിയാത്ത അറബികളും ഹിന്ദി സംസാരിക്കുന്ന ചില ബംഗാളികളും ആയിരുന്നു ആ ക്വാറന്റൈന്‍ സാമ്രാജ്യത്തിന്റെ കൈകാര്യകര്‍ത്താക്കള്‍. പഴക്കം ബാധിച്ച ബഹുനില കെട്ടിടത്തിലെ രണ്ട് കിടപ്പുമുറികളും ഒരു ബാത്‌റൂമുമുള്ള ഫഌറ്റാണ് ഞങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഒരു സുപ്രഭാതത്തില്‍ ബാത്‌റൂമിന്റെ വാതില്‍ തുറക്കാന്‍ പറ്റാത്ത വിധം അടഞ്ഞു. റൂമിലെ ഫോണില്‍നിന്ന് റിസപ്ഷനിലേക്ക് വിളിച്ച് കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ മറ്റേ തലയ്ക്കല്‍ നിന്ന് 'അറബി, അറബി... ഖലാസ്, ഖലാസ്...' എന്ന മറുപടി മാത്രമേയുള്ളൂ! ഫോണ്‍ ഒച്ചയോടെ വെക്കുകയും ചെയ്തു. ചെറിയ ഇടവേളക്ക് ശേഷം ഭാഷാപരമായ മുന്‍കരുതലോടെ വീണ്ടും വിളിച്ചു. അപ്പോള്‍ ഫോണ്‍ എടുത്തത് ഒരു ബംഗാളി. കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു. 'അന്തര്‍ ആദ്മീ ഹേ?'
ഇന്ത്യയില്‍നിന്ന് പൊതുവെയും കേരളത്തില്‍ നിന്ന് പ്രത്യേകിച്ചും വലിയൊരു വിഭാഗം ജാതിഭേദമന്യേ ജോലിക്കായി ഗള്‍ഫ് നാടുകളെ ആശ്രയിക്കുന്നുണ്ട്. ഈ ആശ്രയത്വം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയുമായല്ലോ. ഇത് ജീവിതനിലവാരം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ സാമ്പത്തിക മേഖല ഉജ്വലമാക്കാനും സഹായകരമായി. പക്ഷേ അറബി ഭാഷാപരിജ്ഞാനത്തിന്റെ അഭാവം ഉയര്‍ന്ന നിലവാരത്തിലുള്ള ജോലി സമ്പാദിക്കുന്നതിന് പലര്‍ക്കും തടസ്സം നില്‍ക്കുന്നു എന്നത് വാസ്തവമാണ്. അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആര്‍ജിക്കുകയും ഗദ്യ പദ്യ ഗ്രന്ഥങ്ങള്‍ രചിക്കുകപോലും ചെയ്യുന്ന ഡോക്ടര്‍ മുഹ്യുദ്ദീന്‍ ആലുവായ് തുടങ്ങിയ പണ്ഡിതന്മാര്‍ ഉണ്ടാവുന്നുണ്ട് എങ്കിലും അവരുടെ എണ്ണം വിരളമാണ്താനും. ഡോക്ടര്‍ മുഹ്യുദ്ദീന്‍ ആലുവായ് (മരണം 1996) മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ അഞ്ചുവര്‍ഷം അധ്യാപനം നടത്തുകയും ഒരു ഡസനിലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. തകഴിയുടെ 'ചെമ്മീന്‍' അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ബഹുഭാഷാ പണ്ഡിതന്‍ 1994 ലോ മറ്റോ കാസര്‍ഗോഡ് സന്ദര്‍ശിച്ചിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ പ്രഭാഷണം ഏറെ പ്രൗഢമായിരുന്നു.
ഉപജീവനത്തിനുവേണ്ടി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണം ഇരുപതു ലക്ഷത്തില്‍ പരം ഉണ്ടെന്നാണ് കണക്ക്. അക്കൂട്ടത്തില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ധാരാളം ഉണ്ടാകാം. പക്ഷെ അറബി ഭാഷ അത്ര വശമില്ലാത്തതിനാല്‍ മാത്രം തദ്ദേശീയരേക്കാളും ഉയര്‍ന്ന യോഗ്യത ഉണ്ടായിട്ടും അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാത്തവരും ഒട്ടും കുറവല്ല.
ഇന്നാട്ടിലെ ജനങ്ങളും അവര്‍, മാറി മാറി തിരഞ്ഞെടുത്ത സര്‍ക്കാരുകളും എന്തുകൊണ്ട് ജനങ്ങളെയും സര്‍ക്കാരിനെയും നേരിട്ട് ബാധിക്കുന്ന ഈയൊരു വിഷയത്തെ ഗൗരവമായി സമീപിക്കുന്നില്ല എന്നത് ചിന്തിക്കേണ്ടുന്ന വസ്തുതയാണ്. 1969 ല്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്' എന്ന സ്ഥാപനം നിലവില്‍ വരികയുണ്ടായി. വിവിധ ഭാഷകള്‍ പരിപോഷിപ്പിക്കുക എന്നതായിരുന്നു അതിന്റെ പരമപ്രധാനമായ ലക്ഷ്യം. എന്നിട്ടും എത്രയോ ദശാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യവും സമ്പന്നതയും തിളങ്ങിനില്‍ക്കുന്ന അറബി ഭാഷയെ പരിപോഷിപ്പിക്കുവാനോ, ഭാഷാപഠനം പ്രോത്സാഹിപ്പിക്കുവാനോ കാര്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചതായി കാണുന്നില്ല. നമുക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നത് മധ്യ പൗരസ്ത്യ ദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസികളാണ് എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടെങ്കിലും നമ്മുടെ സര്‍ക്കാര്‍ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ല, ചെയ്യണം എന്ന് തന്നെ നമുക്ക് പറയാം.

-അഡ്വ.ബി.എഫ് അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it