കാസര്‍കോട്: കോവിഡ് മാനദണ്ഡം അനുസരിച്ച് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുകയാണെന്നും വ്യാപാര മേഖലയെ മാത്രം ലക്ഷ്യം വെച്ച് നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജീവിതോപാധിക്ക് വേണ്ടി കച്ചവടം നടത്തുന്ന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. നേരത്തെ തന്നെ ലോക്ക് ഡൗണ്‍ കാരണം നാശോന്മുഖമായ വ്യാപാരമേഖലയില്‍ നാമമാത്രമായ ഉയിര്ത്തെഴുന്നേല്പിന്റെ ലക്ഷണങ്ങള്‍ പ്രകടമായ നേരത്താണ് വീണ്ടും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. പെരുന്നാള്‍ വിപണിയെ ലക്ഷ്യമിട്ട് കടം വാങ്ങിയും മറ്റും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് താങ്ങാനാകില്ല. ഈ സീസണ് കൂടി നഷ്ടപ്പെട്ടാല്‍ ധാരാളം കച്ചവടക്കാരെ വ്യാപാരം അവസാനിപ്പിക്കുന്നതിനും ആത്മഹത്യയിലേക്കും നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് കൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സമയബന്ധിതമായി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്കുവാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചാല്‍ ആള് തിരക്ക് ഒഴിവാക്കാനും ഒറ്റ, ഇരട്ട നമ്പര്‍ വണ്ടികള്‍ ഒന്നിടവിട്ട ദിവസം ഓടിക്കുന്നതിന് അനുമതി നല്കുന്നതു പോലെ ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസം എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി എങ്കിലും നല്‍കണമെന്നും നിത്യോപയോഗ സാധനങ്ങള്‍ക്കും അത്തരം ഇളവുകള്‍ മാത്രം നല്കുമ്പോള് ടൗണുകളില്‍ ആള് തിരക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, എം.പി.,പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എം.എല്‍.എ. എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് അറിയിച്ചു.