കാഞ്ഞങ്ങാട്: കോടതിവിധികളും സര്‍വ്വകക്ഷി തീരുമാനങ്ങളും കാറ്റില്‍പ്പറത്തി ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കി. കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കാതെ ഭരണകക്ഷികളുടെ ആജ്ഞാനുവര്‍ത്തികളായി ഉദ്യോഗസ്ഥര്‍ മാറിയെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നതിനിടെയാണ് ഇവ നീക്കിയത്. ഡി.വൈ.എഫ്.ഐയുടെ മനഷ്യചങ്ങലയുടെ പ്രചരണാര്‍ത്ഥം ബസ് സ്റ്റാന്റ് പരിസരത്ത് ഓട് പാകി വായനശാല കെട്ടിടം സ്ഥാപിച്ചതോടെയാണ് വിവാദമായത്. കയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നാലെ യൂത്ത് കോണ്‍ഗ്രസും കുടില്‍കെട്ടി പ്രതിഷേധിക്കുകയായിരുന്നു. 26ന് നടക്കുന്ന സംസ്ഥാന റാലിയുടെ പ്രചരണാര്‍ത്ഥമാണ് കുടില്‍ കെട്ടിയത്. ഇത് ഉദ്യോഗസ്ഥരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ യുവമോര്‍ച്ചയും രാമക്ഷേത്രവുമായി ബന്ധപ്പെട്ട വലിയ ബോര്‍ഡും സ്ഥാപിച്ചു. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയില്ലെന്ന് വ്യാപക പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതോടെ ഇന്നലെ സബ് കലക്ടര്‍ യുവജന സംഘടന ഭാരവാഹികളുടെ യോഗം വിളിച്ച് നിര്‍മ്മാണങ്ങളും കയേറ്റങ്ങളും സ്വമേധയാ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ധാരണയായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സ്ഥാപിച്ചവര്‍ തന്നെ കുടിലുകളും ബോര്‍ഡും വായനശാലയും നീക്കിയത്. അധികൃതരുടെ നിസംഗതയ്ക്കെതിരെ മണ്ഡലം മുസ്ലിം ലീഗ് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമെടുത്തിരുന്നു.