മംഗളൂരു: തിരക്കേറിയ ബസില്‍ യാത്രക്കാരന്റെ പണമടങ്ങിയ പഴ്സ് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച കാസര്‍കോട് ഉദുമ സ്വദേശി കര്‍ണാടക പൊലീസിന്റെ പിടിയിലായി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഉദുമ സ്വദേശി നസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസില്‍ ബി.സി റോഡില്‍ നിന്നാണ് നസീര്‍ കയറിയത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. നിന്ന് യാത്ര ചെയ്യുകയായിരുന്ന പുത്തൂര്‍ സ്വദേശി കരുണാകരനാണ് പോക്കറ്റടിക്ക് ഇരയായത്.
ബി.സി റോഡില്‍ നിന്ന് പാനെ മംഗലൂരില്‍ ബസ് എത്തിയപ്പോള്‍ കരുണാകരന്റെ പോക്കറ്റില്‍ നിന്ന് പണമടങ്ങിയ പഴ്സ് നസീര്‍ കൈക്കലാക്കി. ഇത് കണ്ട മറ്റൊരു യാത്രക്കാരന് ഇക്കാര്യം കരുണാകരനെ അറിയിച്ചു. ഇത് മനസിലാക്കിയ നസീര്‍ സ്വകാര്യബസില്‍ നിന്ന് ചാടിയിറങ്ങുകയും ബി.സി റോഡിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസില്‍ കയറുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട കരുണാകരന് ബി. സി റോഡിലേക്ക് പോകുന്ന മറ്റൊരു സ്വകാര്യ ബസില്‍ കയറി. ഒരു ബന്ധു മുഖേന ബി.സി റോഡിലെ ട്രാഫിക് പൊലീസുകാരനായ രാകേഷിനെ നസീര്‍ കയറിയ ബസിനെക്കുറിച്ച് വിവരം നല്കി.
ബി.സി റോഡ് ബസ് സ്റ്റോപ്പില്‍ എത്തിയ നസീര്‍ കാസര്‍കോട് ഭാഗത്തേക്കുള്ള ബസില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ട്രാഫിക് പൊലീസുകാരന് രാകേഷ് പിടികൂടി. തുടര്‍ന്ന് പ്രതിയെ സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. കരുണാകരന്റെ 6,000 രൂപയും പ്രധാന രേഖകളും അടങ്ങിയ പഴ്സാണ് നസീര്‍ തട്ടിയെടുത്തിരുന്നത്. ഈ പഴ്സ് പൊലീസ് വീണ്ടെടുത്ത് കരുണാകരന് കൈമാറി.