വിട്ള: റോഡരികില്‍ നില്‍ക്കുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വിട്ള പൊലീസ് സ്റ്റേഷന് പരിധിയിലെ ഒക്കേത്തൂരിലാണ് അപകടമുണ്ടായത്. ഒക്കേത്തൂരിലെ ബഷീറിന്റെ മകള്‍ ഫാത്തിമത്ത് നിദക്കാണ് പരിക്കേറ്റത്. വിട്ള മോഡല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്കൂളിലേക്ക് പോകാനായി റോഡരികില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ വിട്ളയില്‍ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നിദയെ ഉടന്‍ പുത്തൂര്‍ ആസ്പത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. വിട്ള-കല്ലടുക്ക റോഡ് വീതികൂട്ടി ടാറിട്ടതിന് ശേഷം ഇവിടെ വാഹനങ്ങള്‍ അമിതവേഗതയില്‍ പോകുന്നത് പതിവായിരിക്കുകയാണ്.