തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ നാല് ജില്ലകള്‍ കൂടി കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലേക്ക്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ല നേരത്തെ തന്നെ സി കാറ്റഗറിയിലാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നാല് ജില്ലകളില്‍ കൂടി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചത്. സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.
സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.