കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രമുഖ താരങ്ങളടങ്ങിയ സിനിമാ പ്രവര്‍ത്തകരും ആരാധകരും അടക്കം നൂറ് കണക്കിന് ആളുകള്‍ ഒഴുകിയെത്തുന്നു. രാവിലെ 9 മണി മുതല്‍ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മോഹന്‍ലാലും മമ്മൂട്ടിയും രാവിലെ തന്നെ എത്തി നിരവധി സിനിമകളില്‍ തങ്ങളോടൊപ്പം വേഷമിട്ട കവിയൂര്‍ പൊന്നമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊന്നമ്മയ്ക്കരികില് ഏറെനേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അമ്മയ്ക്ക് തുല്യമായ സ്നേഹം തനിക്ക് പകര്‍ന്ന് നല്കിയ കവിയൂര്‍ പൊന്നമ്മയെ കുറിച്ച് മോഹന്‍ലാല്‍ മമ്മൂട്ടിയോട് വികാരഭരിതനായി സംസാരിക്കുന്നുണ്ടായിരുന്നു. സിദ്ദീഖ്, രമേഷ് പിഷാരടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
താരങ്ങള്‍ ആദരമര്‍പ്പിക്കാനെത്തും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. എറണാകുളം ലിസി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ 80-ാം വയസില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു കവീയൂര്‍ പൊന്നമ്മയുടെ അന്ത്യം.
400ലധികം സിനിമകളില്‍ അഭിനയിച്ച മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മ കെ.പി.എ.സി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളില്‍ തിളങ്ങി.
നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.