വയനാട്: വയനാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളത്തിന്റെ നിലവിളി അടങ്ങുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ നെഞ്ച് തകര്‍ന്ന് നില്‍ക്കുകയാണ് കേരളം. വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്ന് രാവിലെ 11 മണിയോടെ 167 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മുണ്ടക്കൈയില്‍ 135 മൃതദേഹങ്ങള്‍ കണ്ടെത്തി. 211 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ജീവന്റെ തുടിപ്പ് തേടി ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലകളില്‍ സജീവമായി. കിലോമീറ്ററുകള്‍ ദൂരത്തില്‍ ഏതാണ്ട് 600 മീറ്ററോളം വീതിയിലാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയൊഴുകിയത്. ഒഴുകിയ വഴികളിലെ എല്ലാ വസ്തുക്കളെയും തൂത്തെടുത്ത് കിലോമീറ്റര്‍ ദൂരത്തേക്കാണ് മലവെള്ളം കുത്തിയൊഴുകിയത്. ദുരന്തമുഖത്ത് കുടുങ്ങിക്കിടക്കുന്ന ജീവന്റെ തുടിപ്പ് തേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമുഖത്തുള്ളത്. ഇന്നലെ വൈകിട്ടോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചു. കിലോമീറ്ററുകള്‍ പൊട്ടിയൊഴുതിയ ഉരുളിന് അടിയില്‍പ്പെട്ട് പോയ ജനവാസമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മുണ്ടക്കൈയിലെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഈ പ്രദേശത്ത് ഇന്ന് രാവിലെ നാലുവീടുകളില്‍ നിന്ന് 8 മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം കസേരയില്‍ ഇരുന്ന നിലയിലായിരുന്നു.
തകര്‍ന്ന വീടുകളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ദുഷ്കരമായതോടെ വടംകെട്ടി വീടുകളുടെ മേല്‍ക്കൂര വലിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മുണ്ടക്കൈയില്‍ മാത്രം 400 അധികം വീടുകള്‍ പഞ്ചായത്തിന്റെ രജിസ്റ്ററില്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതില്‍ 35-40 വീടുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് പറയുന്നത്.
രക്ഷാപ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് സംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബര്സ്ഥാന്, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബര്സ്ഥാന്, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ര്‍ സ്ഥാന് എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ ഖബറടക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ രണ്ടര മണിക്കൂറിനകം മേപ്പാടിയില്‍ എത്തിക്കും. ഇന്നലെ രാത്രി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടെയാണ് പുനരാരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നല്കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
200ലേറെ പേരെ കാണാനില്ലെന്ന് ബന്ധുക്കള്‍; സര്‍ക്കാര്‍ കണക്കില്‍ 98 പേര്
കല്പറ്റ: വയനാട് ദുരന്തത്തില്‍ ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ നല്കുന്ന കണക്കുകള്‍ അനുസരിച്ചുള്ള വിവരം. എന്നാല്‍ 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ പറയുന്നത്. ദുരിതബാധിതര്‍ക്കായി 8 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന്
ബെയിലി പാലം നിര്‍മ്മിക്കും
കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരല്‍മലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 4 സംഘങ്ങളായി 150 സൈനികരാണ് ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്. ഇവിടെ കുറച്ചധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു.