കല്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം മരണ സംഖ്യ 306 ആയി ഉയര്‍ന്നു. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 1700 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കി. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിച്ചു. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തിരച്ചില്‍ നടക്കുകയാണ്.
കാണാതായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുഴയില്‍ തിരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടുന്നു. ഇരവഴിഞ്ഞി പുഴ, ചാലിയാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്താനാണ് മുങ്ങല്‍ വിദഗ്ധരെ വിളിച്ചത്. രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷന് പരിധികളില്‍ പുഴയില്‍ പൊലീസ് തിരച്ചില്‍ നടത്തും. ഇതിനായി മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്.
മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തിരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍.ഡി.ആര്.എഫ്, ഡി.എസ്.ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എം.ഇ.ജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ട്.
ഇതിന് പുറമെ ചാലിയാര്‍ പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചിലും നടത്തുന്നുണ്ട്.