മംഗളൂരു: മംഗളൂരുവിലെ പശുവിന്പാല് വില്‍പ്പന കേന്ദ്രങ്ങളില്‍ കറന്‍സി നോട്ടുകള്‍ മാത്രം സ്വീകരിക്കുന്നതും 10 രൂപയുടെ നാണയങ്ങള്‍ നിരാകരിക്കുന്നതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ജനങ്ങള്‍ നിത്യേന വാങ്ങുന്ന അവശ്യവസ്തുവാണ് പാല്. നാണയ രൂപത്തിലുള്ള പണമിടപാടുകള്‍ സ്വീകരിക്കാന്‍ മില്‍ക്ക് ബൂത്തുകള്‍ വിസമ്മതിക്കുന്നുവെന്നും ഈ സമീപനം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.
ദരിദ്രരും പണക്കാരുമടക്കം മിക്കവാറും എല്ലാ കുടുംബങ്ങളും മില്‍ക്ക് ബൂത്തുകളില്‍ പാല് വാങ്ങാന്‍ പോകുന്നുണ്ട്. പാല് വാങ്ങാന്‍ വരുന്നവരില്‍ പലരും കറന്‍സി നോട്ടുകള്‍ക്കൊപ്പം 10 രൂപയുടെയും 5 രൂപയുടെയും രണ്ട് രൂപയുടെയും ഒരു രൂപയുടേയുമൊക്കെ നാണയങ്ങളും കരുതുന്നു. എന്നാല്‍ കറന്‍സി നോട്ടുകള്‍ സ്വീകരിക്കുമ്പോള്‍ 10 രൂപയുടെ നാണയങ്ങള്‍ വേണ്ടെന്നാണ് മില്‍മ ബൂത്ത് ജീവനക്കാര്‍ പറയുന്നത്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍-ചാര്‍ജ് അസിസ്റ്റന്റ് മാനേജരുടെ ഒപ്പോടുകൂടിയ ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാല് വിതരണത്തിലൂടെയും പാല് ഉല്പന്നങ്ങളുടെ വില്‍പ്പനയിലൂടെയും ലഭിക്കുന്ന നാണയങ്ങള്‍ ആക്സിസ് ബാങ്ക് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍ വിതരണ ശൃംഖലയിലെ ജീവനക്കാരോട് കറന്‍സി നോട്ടുകള്‍ മാത്രം സ്വീകരിച്ച് യൂണിയനിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് നാണയങ്ങള്‍ നിരസിക്കുന്നത്. മറ്റ്കച്ചവടകേന്ദ്രങ്ങളില് നാണയങ്ങള്‍ സ്വീകരിക്കുമ്പോള്‍ പാല്ബൂത്തുകളില് മാത്രം മറ്റൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമപരമായ നാണയം നിരസിക്കുന്നത് നോട്ട് നിരോധനത്തിന് തുല്യമാണെന്നും ജില്ലാ ഭരണകൂടം വിഷയം ഗൗരവമായി കാണണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
മില്‍ക്ക് ബൂത്തുകളില്‍ നാണയങ്ങള്‍ നിരസിക്കാനുള്ള സര്‍ക്കുലറിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ സഹകരണ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് പ്രസിഡന്റ് രവിരാജ് ഹെഗ്ഡെ കൊടവൂര്‍ പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയ നാണയങ്ങള്‍ ആര്‍ക്കും നിരസിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.