മംഗളൂരു: റിട്ട. അധ്യാപികയുടെ അക്കൗണ്ടില്‍ അടക്കേണ്ട പണം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാങ്ക് ജീവനക്കാരിയെ കോടതി നാലുവര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മിലാഗ്രസിനടുത്തുള്ള ദേശസാത്കൃത ബാങ്കില്‍ ജീവനക്കാരിയായ ഗ്രേസ് ഫെര്‍ണാണ്ടസിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. റിട്ട. അധ്യാപിക തെരേസ ഡിസൂസയുടെ അഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് ബാങ്ക് ജീവനക്കാരിക്ക് ശിക്ഷവിധിച്ചത്. തെരേസ ഡിസൂസയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
2006-07, 2008-09 വര്‍ഷങ്ങളില്‍ മിലാഗ്രസിനടുത്തുള്ള ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോലി ചെയ്തിരുന്ന ഗ്രേസ് ഫെര്‍ണാണ്ടസിനോട്, പെന്ഷന് തുക അടക്കമുള്ള പണമിടപാടുകള്‍ക്ക് അക്കൗണ്ട് തുറക്കുന്നതിന് തെരേസ സഹായം തേടിയിരുന്നു. തെരേസ ബാങ്കിലടക്കാന്‍ കൊണ്ടുവരുന്ന പണം ഗ്രേസ് നേരിട്ടാണ് വാങ്ങിയിരുന്നത്. ക്യൂനിന്ന് ബുദ്ധിമുട്ടേണ്ടെന്നും പണം താന്‍ അക്കൗണ്ടില്‍ അടക്കാമെന്നും പറഞ്ഞ് തെരേസയുടെ ബാങ്ക് പാസ് ബുക്കും ഗ്രേസ് കൈവശം വെച്ചു. ഗ്രേസിനെ വിശ്വാസമുണ്ടായിരുന്നതിനാല്‍ തെരേസ പണം അക്കൗണ്ടില്‍ അടക്കാതെ ഗ്രേസിനെ ഏല്‍പ്പിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ ഗ്രേസ് കൃത്രിമരേഖകളുണ്ടാക്കി തെരേസയുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെ തെരേസ നല്കിയ പരാതിയില്‍ ഗ്രേസിനെതിരെ പൊലീസ് കേസെടുക്കുകയാണുണ്ടായത്.