തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതിനോട് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു മാസമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടി.പി.ആര് നിരക്ക് 10ല്‍ കൂടുതല്‍ തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
അവശ്യ സര്‍വീസിന് മാത്രം ഇളവ് നല്‍കുമെന്നും ബാക്കിയെല്ലാവരും നാളെ സമ്പൂര്‍ണ ലോക്ക്ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് എടുത്തവര്‍ക്ക് യാത്രക്കിടെ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.ആര് കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ല ഇക്കാര്യത്തില്‍ മാതൃകയാണ്. രോഗം ബാധിച്ചവരെ സി.എഫ്.എല്‍.ടി.സിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ല അവലംബിക്കുന്നത്. ഇത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പിന്തുടരാവുന്നതാണ്. കൂടുതല്‍ രോഗികളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട പരിപാടിയാണിത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്സീനേഷന് നല്‍കിയെന്നും ജൂണ്‍ 16ന് ശേഷം സെക്രട്ടറിയേറ്റിലെ ആളുകള്‍ക്ക് വാക്സിനേഷന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍ രണ്ട് ദിവസത്തേക്കുള്ള വാക്സീന് ആണ് സംസ്ഥാനത്ത് ഉള്ളതെന്നും ആവശ്യത്തിനുള്ളത് കേന്ദ്രം നല്‍കുമെന്നതിലാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.