തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്കി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും ആള്‍മാറാട്ടം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയത്. സത്യപ്രതിജ്ഞാസമയത്ത് പ്രൊഫസര്‍ ആര് ബിന്ദു എന്ന് പറഞ്ഞത് ശരിയല്ലെന്നാണ് നിവേദനത്തില്‍ പറയുന്നത്.
പ്രഫസര്‍ ആര്. ബിന്ദു എന്ന പേരിലാണ് മന്ത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂര്‍ കേരളവര്‍മ കോളജിലെ അദ്ധ്യാപികയായ ബിന്ദു പ്രൊഫസറല്ല. ഇത് ആള്‍മാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണ്. മന്ത്രി, പ്രൊഫസര്‍ ആര്. ബിന്ദുവെന്നല്ല ഇനിമുതല്‍ ഡോക്ടര്‍ ആര്. ബിന്ദുവെന്ന് അറിയപ്പെടുമെന്ന് ചീഫ് സെക്രട്ടറി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയത് ബോധ്യപ്പെട്ടതു കൊണ്ടാണ്. സവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി പറയുന്നു.
ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ തെറ്റ് തിരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രൊഫസര്‍ ആര്. ബിന്ദുവായ ഞാന്‍ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസര്‍ എന്ന അവകാശവാദം തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
മേയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസര്‍ ആര്. ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. ആര്.ബിന്ദുവെന്ന് തിരുത്തിയതായി ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.