തിരുവനന്തപുരം: യുഡിഎഫ് ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും കേരളത്തില്‍ നിശ്ശബ്ദമായി ആരംഭിച്ച തരംഗം അവസാന ഘട്ടം എത്തിയപ്പോള്‍ ശക്തിപ്രാപിച്ചുവെന്നും പറഞ്ഞ അദ്ദേഹം മലബാറില്‍ അതിശക്തമായ യുഡിഎഫ് തരംഗമുണ്ടെന്നും വ്യക്തമാക്കി.
വോട്ടിംഗ് ആരംഭിച്ചതോടെ ദൈവവും വിശ്വാസവും ശബരിമലയുമാണ് കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവുവെന്ന് മുരളീധരന് പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് ഇത്തവണ വട്ടപൂജ്യമായിരിക്കും ലഭിക്കുക. നേമത്ത് സുഖമായി ജയിച്ചുപോകാമെന്നായിരുന്നു ബിജെപി കരുതിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ തോല്‍വി ഉറപ്പായി. അതാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുന്ന നിലയിലേക്കെത്തിയത്. പണം വിതരണം നടത്താന്‍ നോക്കി എന്നാണ് ബിജെപി ആരോപിക്കുന്നത്. ഞാന്‍ അത്രയും വിവരമില്ലാത്തവനാണോ, കുറേ പ്രവര്‍ത്തകരെയും കൂട്ടി വീടുവീടാന്തരം കയറി കാശു കൊടുക്കാനെന്ന് കെ മുരളീധരന് ചോദിച്ചു.
അങ്ങനെ കാശുവാങ്ങി വോട്ടുചെയ്യുന്നവരാണോ നേമത്തെ ജനങ്ങള്‍. വോട്ടര്‍മാരെ അപഹസിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ഇത് തരംതാണ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുകൊണ്ടൊന്നും ഭയപ്പെടില്ല. ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉണ്ടാകില്ല. വട്ടപൂജ്യമാകും ലഭിക്കുക. വട്ടപൂജ്യമുള്ള പാര്‍ട്ടി എങ്ങനെ ശക്തിപ്പെടുമെന്നും കെ മുരളീധരന് പരിഹസിച്ചു.