മാനന്തവാടി: രാജ്യത്തെയാകെ നടുക്കി വയനാട് മേപ്പാടി മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 47 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഉയരാനാണ് സാധ്യത. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 30 ഓളം പേരെ കാണാതായതാണ് കരുതുന്നത്.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളിലാണ് ദുരന്തം ഉണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ഹാരിസണ്‍സിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സി.ഇ.ഒ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. വെള്ളര്‍മല ജി.വി.എച്ച്.എസ് പൂര്‍ണമായി മുങ്ങി. നേരം പുലര്‍ന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.
മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. കാണാതായവരില്‍ വിദേശികളും അകപ്പെട്ടതായി കരുതുന്നു.
ദു:ഖം അറിയിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും
ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലില്‍ ദു:ഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിലെ ചാലിയാര്‍ പുഴയില്‍ നിന്ന് മാത്രം കിട്ടിയത് 10 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയില്‍ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാര്‍ അറിയിച്ചു. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.