കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുളള നോട്ടീസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ ചോദ്യം ചെയ്തേക്കുമെന്നുമാണ് വിവരം. നിമയസഭാ സമ്മേളനം അവസാനിച്ച സാഹര്യത്തിലാണ് കസ്റ്റംസ് നീക്കം ഊര്‍ജിതമാക്കിയത്. ഒരുതരത്തിലുളള പിഴവും വരാതിരിക്കാന്‍ മൂന്നുതലത്തിലുളള നിയമോപദേശം തേടിയ ശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്.
നേരത്തേ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ നോട്ടീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിന്റെ പേരില്‍ നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നിയമോപദേശം സ്വീകരിച്ചത്. കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യുന്നതില്‍ നിയമതടസങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറര്‍ അറിയിച്ചത്. അന്വേഷണത്തെ ഒരുതരത്തിലും തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.
സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയക്കുകയായിരുന്നു. ഇതിന് രൂക്ഷമായ മറുപടിയാണ് കസ്റ്റംസ് നല്‍കിയത്. യു എ ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ സ്പീക്കര്‍ക്കെതിരെ മൊഴിനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.