കോഴിക്കോട്: ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്‍മാനായി ഹുസൈന് മടവൂരിനെ നിയമിച്ചതില്‍ എതിര്‍പ്പുമായി ഫാറൂഖ് കോളജ്. സര്‍വകലാശാലയില്‍ രൂപവത്കരിച്ച അഫ്സലുല്‍ ഉലമാ ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്‍മാനായാണ് ഹുസൈന് മടവൂരിനെ നിയമിച്ചിരിക്കുന്നത്.
ഫാറൂഖ് റൗസത്തുല്‍ ഉലൂമിന്റെ പ്രതിനിധിയായാണ് മടവൂര്‍ കമ്മിറ്റിയില്‍ കയറിപ്പറ്റിയതെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് കോളജ് അധികൃതര്‍ പറയുന്നു. ഏഴ് വര്‍ഷം മുമ്പ് ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍, റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ പേരിലാണ് ഹുസൈന് മടവൂര്‍ അക്കാദമിക് കമ്മിറ്റിയില്‍ വന്നതെന്ന് അറിയാന്‍ കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. അബ്ദുര്റഹിമാന് ചെറുകര അറിയിച്ചു.
ഇതുമൂലം നാക് അക്രഡിറ്റേഷനും മറ്റും ലഭിക്കേണ്ട പോയിന്റുകള്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പലായിരുന്ന നിര്‍ദിഷ്ട ഓപണ്‍ യൂനിവേഴ്സിറ്റി വി സി മുബാറക് പാഷ റൗസത്തുല്‍ ഉലൂം അറബിക് കോളജിനെ തഴഞ്ഞതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹുസൈന് മടവൂരിനെ കൂടാതെ, ഡോ. വി അബ്ദുല്‍ അസീസ്, മുഹമ്മദ് അശ്റഫ് കളത്തില്‍, ഡോ. പി മുജീബ്, ഡോ. പി റംലത്ത്, ഡോ. പി സയ്യിദ് മുഹമ്മദ് ശാക്കിര്‍, ഡോ. എ ഐ അബ്ദുല്‍ മജീദ്, ഡോ. സി എം സാബിര്‍ നവാസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. പി മുഹമ്മദ് അസ്ലം, എന്‍ കെ അബ്ദുന്നാസിര്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.