കാഞ്ഞങ്ങാട്: വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയ ചെര്‍ക്കാപ്പാറ സ്വദേശി ബാദുഷ (24)യെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ മൂന്നാം മൈലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഒമ്പത് ഫോണുകളും പണവും മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ ഫോണ്‍ ഉപയോഗിക്കുന്നയാള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങളറിഞ്ഞത്. ബാദുഷയാണ് ഇയാള്‍ക്ക് ഫോണ്‍ വിറ്റതെന്ന് തെളിഞ്ഞതോടെ പൊലീസ് ബാദുഷയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അതിഥി തൊഴിലാളികളുടെ ഫോണുകള്‍ മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കുകയായിരുന്നു. അമ്പലത്തറ ഇന്‍സ്പെക്ടര്‍ കെ. ദാമോദരനാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.