പച്ചയാംവിരിപ്പിട്ട
സഹ്യനില്‍ തലവെച്ചും
സ്വഛാബ്ധി മണല്‍ത്തിട്ടാം
പാദോപധാനംപൂണ്ടും
പള്ളികൊണ്ടീടുന്നനിന്‍
പാര്‍ശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നൂ കുമാരിയും
ഗോകര്‍ണേശനുമമ്മേ
എന്നാണ് മഹാകവി വള്ളത്തോള്‍ കേരളത്തെ ചൂണ്ടിക്കാട്ടിയത്. വള്ളത്തോള്‍ അങ്ങനെ വിഭാവനം ചെയ്യുമ്പോള്‍ കേരളമില്ല. മലബാറും കൊച്ചിയും തിരുവിതാംകൂറും ദക്ഷിണ കനറയുമേയുള്ളു. പക്ഷേ കവികള്‍ക്ക് അപ്പോഴേ കേരളമുണ്ടായിരുന്നൂ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കേരളം എന്ന കാവ്യം രചിച്ചിട്ടുണ്ടായിരുന്നു. മഹാകവി ഉള്ളൂര്‍ ഉമാകേരളം രചിച്ചിട്ടുണ്ടായിരുന്നു. ഉള്ളൂര്‍ 1950-ല്‍ അഞ്ച് വാള്യങ്ങളായി മലയാളനാട്ടിലെ സാഹിത്യചരിത്രം പ്രസിദ്ധപ്പെടുത്തിയത് കേരളസാഹിത്യചരിത്രം എന്ന പേരിലാണ്.
ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ പഴയ ഐതിഹ്യത്തിലെ കേരളമല്ല, അതായത് കന്യാകുമാരിക്കും ഗോകര്ണത്തിനുമിടയിലുള്ള ഭൂഭാഗമാകെ കേരളമായില്ല. വള്ളത്തോളിന്റെ ദൃഷ്ടിയിലെ കേരളമല്ല യാഥാര്‍ഥ്യമായത്. പുനസംഘടനാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുറിച്ചുമാറ്റുകയും കൂട്ടിച്ചേര്‍ക്കുകയുമൊക്കെ ചെയ്ത രൂപമാണുണ്ടായത്. സംസ്ഥാനപുനസംഘടനാ കാര്യത്തില്‍ ഏകാഭിപ്രായം പോലെ വ്യത്യസ്താഭിപ്രായവും എല്ലാ വിഭാഗക്കാരിലുമുണ്ടായിരുന്നു. എന്നാല്‍ ആ അഭിപ്രായവ്യത്യാസമെല്ലാം പിന്നീട് മാഞ്ഞുപോവുകയും ജയിക്കുകൈക്യകേരളം എന്ന ലക്ഷ്യത്തില്‍ കൈകോര്ക്കപ്പെടുകയും ചെയ്തു. വള്ളത്തോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തലയും കാലും ഉദ്ദേശിച്ചിടത്തുതന്നെ… പാര്ശ്വയുഗ്മം കവി വിഭാവനം ചെയ്തത്ര, കേളപ്പനടക്കമുള്ളവര്‍ വാദിച്ചത്ര വിശാലമായില്ല എന്നുമാത്രം.
1928-ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ നാലാം കേരള രാഷ്ട്രീയ സമ്മേളനത്തിലാണ് ആദ്യമായി ഒരു രാഷ്ട്രീയ പ്രമേയമെന്ന നിലയില്‍ ഐക്യകേരളത്തിനുള്ള ആഹ്വാനം വരുന്നത്. തൊള്ളായിരത്തിനാല്പതുകളിലാണ് ഐക്യകേരളം എന്ന ആവശ്യമുയര്‍ത്തി പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. ഇ.എം.എസിന്റെ ഒന്നേകാല്‍ക്കോടി മലയാളികള്‍, കേരളം മലയാളികളുടെ മാതൃഭൂമി, നാഷണല്‍ ക്വസ്റ്റിയന്‍ ഇന്‍ കേരള എന്നീ പുസ്തകങ്ങള്‍ ഐക്യകേരളത്തിന്റെ പ്രസക്തിയും അനിവാര്യതയും വ്യക്തമാക്കി ജനകീയബോധവല്ക്കരണത്തിന് ഏറെ സഹായിച്ചു. മലബാറുമായും കൊച്ചിയുമായും ചേരുന്നതിനെ തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ നഖശിഖാന്തം എതിര്‍ത്തു. മലബാറുമായി ചേര്‍ന്നാല്‍ തിരുവിതാംകൂറിന്റെ ഐശ്വര്യമേ നശിച്ചുപോകുമെന്ന പ്രചാരണമാണ് സര് സി.പി. നടത്തിയത്. കേരളത്തിലെന്നല്ല, ഇന്ത്യന്‍ യൂനിയനില്ത്തന്നെ ചേരാതിരിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ മോഡല്‍ പ്രഖ്യാപനവും സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനവും സര് സി.പി. നടത്തിയതും അതിനെതിരെ പുന്നപ്ര-വയലാര്‍ ചെറുത്തുനില്‍പ്പും കൂട്ടക്കൊലയുമുണ്ടായതുമെല്ലാം ചരിത്രത്തിന്റെ ഭാഗം.
ഐക്യകേരളത്തിനുവേണ്ടി സംഘടിതമായ ഒരു പ്രസ്ഥാനം തുടങ്ങാന്‍ തീരുമാനിക്കുന്നത് 1946-ല്‍ ചെറുതുരുത്തിയില്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു യോഗമാണ്. ആ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1947 ഏപ്രില്‍ 26-ന്, അതായത് സ്വാതന്ത്ര്യപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കെ.കേളപ്പന്റെ അധ്യക്ഷതയില്‍ തൃശൂരില്‍ ഐക്യകേരളസമ്മേളനം നടന്നു.
എങ്ങനെയായിരിക്കണം ഐക്യകേരളം എന്ന കാര്യത്തില്‍ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് വ്യത്യസ്താഭിപ്രായങ്ങളായിരുന്നു. ഭാഷാസംസ്ഥാനത്തെ കേളപ്പനടക്കമുള്ളവര്‍ എതിര്‍ത്തു. പശ്ചിമതീരസംസ്ഥാനം വേണമെന്നാണ് കേളപ്പനും കൂട്ടരും ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണകനറ, മയ്യഴി, ലക്ഷദ്വീപ്, കുടക്, നീലഗിരി എന്നിവ ചേര്‍ന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് കേളപ്പന് ആഭ്യന്തരമന്ത്രി പട്ടേലിന് നിവേദനം നല്കി. 1949 ജൂലായ് ഒന്നിന് തിരുവിംതാകൂറും കൊച്ചിയും യോജിച്ച് ഒരു സംസ്ഥാനമായി. ആ പരിമിതസംയോജനം ഐക്യകേരളത്തിനെതിരാവും എന്ന് അഭിപ്രായപ്പെട്ട് കേളപ്പന് ഐക്യകേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു. പകരം കെ.പി.കേശവ മേനോന് പ്രസിഡണ്ടായി. ആ വര്‍ഷം നവമ്പറില്‍ പാലക്കാട്ടു നടന്ന ഐക്യകേരളസമ്മേളനത്തില്‍ മലബാറിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗം തിരുവിതാംകൂറുമായി ചേരാന്‍ പറ്റില്ലെന്ന നിലപാടെടുത്തു. മലബാറിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ സാമുവല്‍ ആറോന്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആശയത്തെ എതിര്‍ത്തും ദക്ഷിണ സംസ്ഥാനം എന്ന കേളപ്പന്റെ ആശയമുയര്ത്തിയും 1952-ല്‍ മാതൃഭൂമിയില്‍ വിലിയ ഒരു ലേഖനമെഴുതി. കമ്യൂണിസ്റ്റ് നേതാവ് എന്‍.സി.ശേഖര്‍ മാതൃഭൂമിയില്‍ത്തന്നെ ആറോന്റെ ലേഖനത്തെ ഖണ്ഡിച്ചുകൊണ്ട് ലേഖനമെഴുതി. ഈ പ്രശ്നം രൂക്ഷമായതോടെ കെ.പി.സി.സി. വിഭജിച്ച് മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെന്നും രണ്ട് സംഘടനാ സംവിധാനമായി. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1955 സെപ്റ്റംബര്‍ 18-ന് കണ്ണൂരില്‍ ഭാഷാ സംസ്ഥാനത്തിനെതിരായും ദക്ഷിണ സംസ്ഥാനമെന്ന ആവശ്യമുയര്‍ത്തിയും കണ്വന്ഷന് നടത്തി. സാമുവല്‍ ആറോണിന്റെ നേതൃത്വത്തിലായിരുന്നു കണ്വന്ഷന്. ഈ കണ്‍വെന്‍ഷനെ നിശിതമായി വിമര്‍ശിച്ച് മലബാറിലെ കോണ്ഗ്രസ്സുകാരോട് എന്ന തലക്കെട്ടില്‍ മാതൃഭൂമി മുഖപ്രസംഗമെഴുതി. ‘കോണ്‍ഗ്രസ്സുകാരടക്കമുള്ള ബഹുജനസംഘടനകളുടെയും പൊതുജനനേതാക്കളുടെയും ലക്ഷ്യമായിരുന്ന കേരളസംസ്ഥാനം പിറക്കാറായിരിക്കുന്നു. ഈ അവസരത്തില്‍ മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനം കേരളത്തിന്റെ പുരോഗതിക്കെതിരായ ഒരു പ്രക്ഷോഭത്തില്‍ സ്വയം ചെന്നുകുടുങ്ങിയത് പരിതാപകരമാണ്. വിധി നിര്‍ണായകമായ ഘട്ടത്തില്‍ കേരള ജനതയുടെ ഉത്തമ താല്പര്യങ്ങളെ വഞ്ചിച്ചുവെന്ന അപരാധം കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാവാതിരിക്കട്ടെ. ഈ വൈകിയ വേളയിലെങ്കിലും അവര്‍ തങ്ങളുടെ തെറ്റ് തിരുത്തുമെന്ന് കരുതട്ടെ.’
മാതൃഭൂമിയുടെയും കെ.പി.കേശവമേനോന്റെയും ഇടപെടലോടെയാണ് സാമുവല്‍ ആറോണടക്കമുള്ളവരുടെ നിലപാട് തണുത്തത്. 1955 സെപ്റ്റംബര്‍ 30-ന് സംസ്ഥാന പുനഃസംഘടനാ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെക്കന്‍തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് താലൂക്കുകളും കൊല്ലം ജില്ലയോട് ചേര്‍ന്ന ചെങ്കോട്ട താലൂക്കും തമിഴ്നാടിന്റെ ഭാഗം. അവശേഷിച്ച തിരുവിതാംകൂറും കൊച്ചിയും മലബാറും ദക്ഷിണ കനറയിലെ കാസര്‍കോട് താലൂക്കും ഉള്‍പ്പെടെ കേരളം. ഇത്തരത്തില്‍ 16 സംസഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പുനഃസംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ടത്.
-കെ. ബാലകൃഷ്ണന്