മലയാളത്തിന് മുന്നോട്ടു പോകാന്‍ ഭാഷാഭേദങ്ങളെയും സമീപ ഭാഷകളെയും ചേര്‍ത്തു പിടിക്കണം-ഡോ. ഇ. ഉണ്ണികൃഷ്ണന്‍

കാസര്‍കോട്: കേരളം മലയാളികളുടെ മാതൃഭൂമിയാണെങ്കിലും മാതൃഭാഷ എന്നാല്‍ ഇവിടെ മലയാളം മാത്രമല്ല, കന്നഡയും തുളുവും ഗോത്രഭാഷകളും മാതൃഭാഷയായുള്ളവരും ഇവിടെയുണ്ടെന്നും ഭാഷാഭേദങ്ങളെയും സമീപ ഭാഷകളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടു മാത്രമേ മലയാളത്തിന് മുന്നോട്ടു പോകാനാവൂ എന്നും ഡോ. ഇ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ഭാഷയുടെ ശക്തി എത്രയോ കാലം കൊണ്ട് ആര്‍ജിച്ചെടുക്കുന്നതാണ്. ഭാഷയുടെ വ്യംഗ്യാര്‍ത്ഥം, ധ്വനി എന്നിവ തിരിച്ചറിയാന്‍ പറ്റാത്തവരാണ് പുതിയ കാലത്തെ പലരും. പഴംചൊല്ലുകള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. കടങ്കഥകള്‍ ഇല്ലാതാകുന്നു. കടംകഥകള്‍ ഏതെങ്കിലും കവിയോ സഹിത്യകാരനോ ഉണ്ടാക്കി വെച്ചതല്ല. […]

കാസര്‍കോട്: കേരളം മലയാളികളുടെ മാതൃഭൂമിയാണെങ്കിലും മാതൃഭാഷ എന്നാല്‍ ഇവിടെ മലയാളം മാത്രമല്ല, കന്നഡയും തുളുവും ഗോത്രഭാഷകളും മാതൃഭാഷയായുള്ളവരും ഇവിടെയുണ്ടെന്നും ഭാഷാഭേദങ്ങളെയും സമീപ ഭാഷകളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടു മാത്രമേ മലയാളത്തിന് മുന്നോട്ടു പോകാനാവൂ എന്നും ഡോ. ഇ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ഭാഷയുടെ ശക്തി എത്രയോ കാലം കൊണ്ട് ആര്‍ജിച്ചെടുക്കുന്നതാണ്. ഭാഷയുടെ വ്യംഗ്യാര്‍ത്ഥം, ധ്വനി എന്നിവ തിരിച്ചറിയാന്‍ പറ്റാത്തവരാണ് പുതിയ കാലത്തെ പലരും. പഴംചൊല്ലുകള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. കടങ്കഥകള്‍ ഇല്ലാതാകുന്നു. കടംകഥകള്‍ ഏതെങ്കിലും കവിയോ സഹിത്യകാരനോ ഉണ്ടാക്കി വെച്ചതല്ല. കുട്ടികള്‍ കളികള്‍ക്കിടയിലും മറ്റും കൂട്ടമായി കണ്ടെത്തിയവയാണ്. ഇവ ഇല്ലാതായാലും ഭാഷ വളരാതിരിക്കുന്നില്ല. ട്രോള്‍ പുതിയ വ്യവഹാര രൂപമായി മാറുകയാണിപ്പോള്‍. ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന എഴുത്തുകാര്‍ പലരും കാലഹരണപ്പെട്ടേക്കാം. കൃതികള്‍ മോശമായതുകൊണ്ടല്ല. കാലം ഒന്നും ഉപ്പിലിട്ടു വെക്കുന്നില്ല. ഇന്ന് ഏറെ വായിക്കപ്പെടുന്ന എം.ടി.യുടെയും ടി.പദ്മനാഭന്റെയുമൊക്കെ എഴുത്തുകള്‍ കാലഹരണപ്പെട്ടു പോയാലും മലയാള ഭാഷ മുന്നോട്ടു തന്നെ പോകും. പുതിയ നക്ഷത്രങ്ങള്‍ ഭാഷയില്‍ ഉണ്ടാകും. വിചാരത്തിന്റെ ഭാവനയുടെ പുതിയ തമ്പുരാക്കന്മാര്‍ ഭാഷയെ മുന്നോട്ടു നയിക്കും-ഡോ. ഇ. ഉണ്ണി കൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി കേരളപ്പിറവിദിനത്തില്‍ പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടത്തിയ മലയാളം വര്‍ത്തമാനവും ഭാവിയും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.വി. മണികണ്ഠദാസ് വിഷയം അവതരിപ്പിച്ചു. കാസര്‍കോടിന്റെ ബഹുഭാഷാ ഭൂമികയില്‍ മാതൃഭാഷകളുടെ ഐക്യം പരമപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഭാഷ മലയാളമാക്കാന്‍ നിയമസഭയില്‍ 140 ജനപ്രതിനിധികളും ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കം നടക്കുന്നുണ്ടെന്നും അത് ചൂണ്ടിക്കാട്ടിയ ഗവേഷണ വിദ്യാര്‍ത്ഥികളെയും ഭാഷാപ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അടുത്തിടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്മനാഭന്‍ ബ്ലാത്തൂര്‍ മോഡറേറ്ററായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.വി. കുമാരന്‍ മാഷെ ചടങ്ങില്‍ ആദരിച്ചു. കെ. നരേന്ദ്രനാഥ്, സുധീഷ് ചട്ടഞ്ചാല്‍, കെ.വി. കുമാരന്‍ മാഷ്, വി.വി. പ്രഭാകരന്‍, രാധാകൃഷ്ണന്‍ പെരുമ്പള, അഷ്‌റഫലി ചേരങ്കൈ, രേഖ കൃഷ്ണന്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കെ.എച്ച്. മുഹമ്മദ് പ്രസംഗിച്ചു. നാരായണന്‍ പേരിയ, മുജീബ് അഹ്മദ്, പി.എസ്. ഹമീദ്, അഡ്വ. വി.എം. മുനീര്‍, അബു ത്വാഇ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഡോ. എ.എ. അബ്ദുല്‍ സത്താര്‍, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍, ആര്‍. ഗിരിധര്‍, എരിയാല്‍ ഷരീഫ്, സി.എല്‍ ഹമീദ്, ഷാഫി എ. നെല്ലിക്കുന്ന്, എം.എ. മുംതാസ്, റഹീം ചൂരി, ടി.കെ. അന്‍വര്‍, നിസാര്‍ പെര്‍വാഡ്, മധൂര്‍ ഷെരീഫ്, സിദ്ദീഖ് പടപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.വി. സന്തോഷ് സ്വാഗതവും ടി.എ. ഷാഫി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it