മൊഗ്രാല്‍: തീരദേശ പരിപാലന നിയമലംഘനം ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തീരമേഖല പരിപാലന അതോറിറ്റിയും നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകളും നോട്ടീസും ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തീരമേഖലകളില്‍ വന്‍ വ്യവസായ പദ്ധതികളുമായി യുവ സംരംഭകര്‍ രംഗത്ത്. കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാല്‍ തീരദേശ മേഖലയില്‍ ഇതിനകം തന്നെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിവാഹ പാര്‍ട്ടികളും സല്‍ക്കാരങ്ങളുമൊക്കെ കൂടുതലും റിസോര്‍ട്ടുകളിലാണ് ഇപ്പോള്‍ നടന്നുവരുന്നത്. കുമ്പള കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് സൗകര്യവും വിശാലമായ കടല്‍ത്തീരവും മറ്റും ഇതിന് അനുകൂല ഘടകവുമാണ്. ഇത്തരത്തിലുള്ള വ്യവസായ സംരംഭകര്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയുമുണ്ട്. സംസ്ഥാനത്തെ ടൂറിസം മേഖലകളില്‍ ഇതിനായി ടൂറിസം വകുപ്പ് നിക്ഷേപ സംഗമങ്ങളും മറ്റും നടത്തിവരുന്നുണ്ട്. ഈയിടെ ജില്ലാ പഞ്ചായത്ത് തന്നെ ഇത്തരത്തില്‍ തീരമേഖലകളില്‍ വികസനം സാധ്യമാക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നു. മൊഗ്രാല്‍ നാങ്കി തീരദേശ മേഖലയില്‍ ചെമ്മീന്‍ കൃഷി അടക്കമുള്ള കോടികളുടെ വികസന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നുണ്ട്. ഇതുവഴി തീര മേഖലയില്‍ വലിയ വികസന സാധ്യതയാണ് ഉണ്ടാകാന്‍ പോകുന്നത്.
മൊഗ്രാല്‍ കടല്‍ത്തീരം ടൂറിസം വികസനത്തിന് അനുയോജ്യമായ പ്രദേശമാണ്. വിശാലമായ കടല്‍ത്തീരവും വൈകുന്നേരങ്ങളില്‍ ഉദയാസ്തമനം കാണാനുള്ള സഞ്ചാരികളുടെ ഒഴുക്കും കുടുംബ സംഗമങ്ങളുമൊക്കെയായി നൂറുകണക്കിനാളുകളാണ് ദിവസേന കടല്‍ത്തീരത്തെത്തുന്നത്. മൊഗ്രാല്‍ തീരത്തെ ടൂറിസം പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ജനപ്രതിനിധികള്‍ക്കും വകുപ്പ് മേധാവികള്‍ക്കും ജില്ലാ പഞ്ചായത്തിനും സന്നദ്ധ സംഘടനകള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ടൂറിസം വകുപ്പ് അധികൃതര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.