കാഞ്ഞങ്ങാട്: നെല്‍കൃഷി അന്യം നിന്ന് പോകാതിരിക്കാനും മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് നിറപുത്തരിക്ക് തന്റെ പാടത്ത് നിന്നുള്ള നെല്കതിര് സമര്‍പ്പണം മുടങ്ങാതിരിക്കാനും ലാഭ നഷ്ട കണക്കുകള്‍ നോക്കാതെ നെല്‍കൃഷി ചെയ്യുകയാണ് പരമ്പരാഗത കര്‍ഷകനായ അബ്ദുല്‍ ഖാദര്‍ എന്ന അന്തുക്ക. ബളാല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കൂടിയായ കുഴിങ്ങാട്ടെ അബ്ദുല്‍ ഖാദര്‍ തിരക്കിനിടയിലും കൃഷി കൈവിടാതെ പാരമ്പര്യം തുടരുകയാണ്. മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനിങ്ങള്‍ പരീക്ഷിക്കുന്ന നാട്ടുകാരുടെ അന്തുക്ക ഇത്തവണ ഡി-1 എന്ന നെല്‍വിത്താണ് കൃഷിയിറക്കിയത്. നിരന്തരമായി പെയ്ത മഴയും കാട്ടുമൃഗശല്യവും കാരണം ഇത്തവണ പ്രതീക്ഷിച്ചത് പോലെ വിളവ് ലഭിച്ചില്ലെന്ന് അന്തുക്ക പറഞ്ഞു. നിറപുത്തരിക്ക് ക്ഷേത്രങ്ങള്‍ക്ക് കതിര് നല്‍കാനും കൃഷി അന്യം നിന്നു പോകാതിരിക്കാനുമാണ് കൃഷി തുടര്‍ന്നു കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നെല്‍പ്പാടത്ത് ആദ്യകാലം മുതലുള്ള തൊഴിലാളികള്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് ഞാറ് നടലും കൊയ്ത്തും കറ്റമെതിയും നെല്ല് പുഴുങ്ങലും എല്ലാം നടത്തുന്നത്. ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. എന്‍.ജെ മാത്യു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ പത്മാവതി, സന്ധ്യാ ശിവന്, കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്, അസി. കൃഷി ഓഫീസര്‍ ശ്രീഹരി സംബന്ധിച്ചു. അന്തുക്കയുടെ വീട്ടിലും പുത്തരി സദ്യയൊരുക്കാറുണ്ട്. തൊഴിലാളികളെയും അയല്‍വാസികളെയും വിവിധ മത മേലധ്യക്ഷന്മാരെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ച് നടത്തുന്ന പുത്തരിസദ്യ സ്നേഹ സംഗമത്തിന്റെ വേദിയായി മാറാറുണ്ട്.