തിരുവനന്തപുരം: മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി.എസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്, പോണ്ടിച്ചേരി ആര്.ഒ.സി എ. ഗോകുല്‍നാഥ് എന്നിവരെ ചുമതലപ്പെടുത്തി. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പ്പറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. അതിനിടെ, വീണാ വിജയന്റെ കമ്പനിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എം.എല്‍.എ വീണ്ടും രംഗത്തെത്തി.