ബെയ്റൂട്ട്: സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കേ, തെക്കന്‍ ലബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രിയോടെ ഇസ്രയേല്‍ ടാങ്കറുകള്‍ ലബനന് അതിര്‍ത്തി കടന്നു. ‘നിയന്ത്രിതമായ രീതിയില്‍’, ‘പ്രാദേശിക പരിശോധനകള്‍’ തെക്കന്‍ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ലക്ഷ്യങ്ങള്‍ സ്ഥിതി ചെയ്യുന്നത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന് ഗ്രാമങ്ങളിലാണെന്നും അവ ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആര്‍ട്ടിലറി വിഭാഗവും ദൗത്യത്തില്‍ പങ്കാളികളാണ്.
സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മൂന്നു പേര് മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുമ്പ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരവഴിയുള്ള ഇസ്രയേല്‍ നീക്കം തടയാന്‍ തങ്ങള്‍ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡര്‍ നയിം ഖാസിം പറഞ്ഞു. യു.എസും യു.കെയും വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേര് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലബനന് അധികൃതര്‍ പറഞ്ഞു. ഇസ്രയേലിന് പിന്തുണയായി യു.എസ് കൂടുതല്‍ യുദ്ധവിമാനങ്ങളും ആയിരക്കണക്കിന് സൈനികരെയും മേഖലയിലേക്ക് അയച്ചു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിച്ചു. മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവുമായി സംസാരിച്ചതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.