കോഴിക്കോട്: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സി.പി.എമ്മിനെ തിരിച്ചുകുത്തുന്നു. ന്യൂനപക്ഷ സംരക്ഷകരാണെന്ന പാര്‍ട്ടിയുടെ അവകാശവാദത്തിന് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ കൂടുതല്‍ ക്ഷതമേറ്റിരിക്കുകയാണ്. എ.ഡി.ജി.പിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പ്രചരണം സി.പി.എമ്മിന് ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടിക്ക് അടിയായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത ഈഴവ, നായര്‍ വോട്ടുകള്‍ കൂടുതലായി ബി.ജെ.പിയിലേക്കു ചോര്‍ന്നതാണ് തിരിച്ചടിയായതെന്ന തിരിച്ചറിവില്‍ ഇക്കൂട്ടരെ പാര്‍ട്ടിയിലേക്കു വീണ്ടും കൂടുതല്‍ അടുപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി സജീവമാക്കിയതിനിടെയാണ് അന്‍വറിന്റെ മലപ്പുറം ‘കലാപം’ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. പരമ്പരാഗത വോട്ടുകള്‍ നഷ്ടമാകുകയും ന്യൂനപക്ഷ വോട്ടുകള്‍ പ്രതീക്ഷിച്ചതു പോലെ ലഭിക്കാതിരിക്കുകയും ചെയ്തതാണ് തിരഞ്ഞെടുപ്പില്‍ വന്‍പരാജയത്തിന് ഇടയാക്കിയതെന്ന് സി.പി.എം കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ വലിയതോതില്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തരത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രചരണം, പതിറ്റാണ്ടുകളായി ഒപ്പംനിന്ന വിഭാഗങ്ങളില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയെന്നും പാര്‍ട്ടി വിലയിരുത്തി.
പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ കൂടി സ്വന്തമാക്കി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നീക്കിയ കരുക്കളാണ് ഇടതുസ്വതന്ത്രന് പി.വി. അന്‍വറിന്റെ അപ്രതീക്ഷിത നീക്കത്തോടെ ആശങ്കയിലായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിം ലീഗിനെ ഉള്‍പ്പെടെ ചേര്‍ത്തുനിര്‍ത്താനുള്ള നീക്കം സജീവമായിരുന്നു. ഇതു പരാജയപ്പെട്ടതോടെ ലീഗുമായി അടുപ്പമുള്ള സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ലെന്നു മാത്രമല്ല, പതിറ്റാണ്ടുകളായി ഒപ്പമുണ്ടായിരുന്ന വിഭാഗങ്ങള്‍ ബി.ജെ.പിയിലേക്കു കൂടുതല്‍ അടുക്കുകയും ചെയ്തു.