മംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ ട്രെയിനുകളില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം കവര്‍ച്ച ചെയ്യുന്ന സംഘം മംഗളൂരുവില്‍ പിടിയിലായി. ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്യാജ് സിങ്ങ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരെയാണ് മംഗളൂരു ജംഗ്ഷന് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ആര്.പി.എഫ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇവരില്‍ നിന്ന് 16 പവന് സ്വര്‍ണവും ആറ് ലക്ഷം രൂപയും പിടിച്ചെടുത്തു. വിമാനമാര്‍ഗം ഉത്തര്‍പ്രദേശില്‍ നിന്ന് ഗോവയിലെത്തി അവിടെ നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും രാത്രി ട്രെയിനുകളില്‍ യാത്ര ചെയ്ത് ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യുന്നതാണ് ഇവരുടെ രീതി. ഒരാഴ്ചയായി തിരുവനന്തപുരം-ഗോവ പാതയില്‍ രാത്രികാലങ്ങളില്‍ യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്യപ്പെടുന്നത് പതിവായിരുന്നു. ആര്.പിഎഫ് ക്രൈം ഇന്‍സ്പെക്ടര്‍ കേശവദാസ്, മംഗളൂരു ജംഗ്ഷന് ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ ഭൂരിഭാഗവും മലയാളി ഉദ്യോഗസ്ഥരാണ്. മംഗളൂരു ജംഗ്ഷന് ആര്.പി.എഫ് എസ്.ഐ ജെ രാജീവ്, പാലക്കാട് എസ്.ഐ ദീപക്, എ.എസ്.ഐ കെ ശശി വെള്ളച്ചാല്‍, കെ ജീവരാജ്, രാഘവന്, പി സുരേഷ്, ജി സതീഷ്, സത്താര്‍, പ്രദീപ് എന്നിവരാണ് പ്രത്യേക സംഘത്തിലുണ്ടായിരുന്നത്. സംഘാംഗങ്ങള്‍ക്ക് 5000 രൂപയുടെ പ്രത്യേക റിവാര്‍ഡ് ആര്.പി.എഫ് പ്രഖ്യാപിച്ചു.