തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയായിരിക്കും ഈ സമ്മേളനകാലം. അതിനിടെ, തോമസ് കെ. തോമസ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയിലാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം എടുത്തത്. ഈ മാസം 24വരെ സഭ ചേരാനായിരുന്നു മുന്‍ തീരുമാനം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിനിടെ, കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിന്റെ വധഭീഷണി പരാതി പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചു. ഇടതുപക്ഷത്തിന്റെ എം.എല്‍.എ ആയിട്ടും വേട്ടയാടപ്പെടുന്നു എന്നായിരുന്നു തോമസ് കെ. തോമസിന്റെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
ഇടതുപക്ഷ എം.എല്‍.എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല. ഒരാള്‍ ഒരു എം.എല്‍.എയെ കൊല്ലും എന്ന് ഒരു വര്‍ഷം മുമ്പ് ഭീഷണിപ്പെടുത്തിയ പരാതിയില്‍ ഒരു നടപടിയും ആയില്ല. അന്ന് അന്വേഷിച്ച എസ്.പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. നാളെ കുട്ടനാട് എം.എല്‍.എക്ക് എന്തെങ്കിലും പറ്റിയാല്‍ ആരാകും ഉത്തരവാദിയെന്നും സതീശന് ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.