ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഒരുനോക്ക് കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് സി.പി.എമ്മിന്റെ ഉന്നത നേതാക്കളും മന്ത്രിമാരും പ്രവര്‍ത്തകരുമടക്കം നിരവധി പേര് ഡല്‍ഹിയിലെത്തി.
മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും. എയിംസ് ആസ്പത്രി മോര്‍ച്ചറിയിലാണ് ഭൗതീക ശരീരം ഉള്ളത്. നാളെ രാവിലെ 11 മണി മുതല്‍ 3 മണിവരെ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും.
സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പോളിറ്റ് ബ്യൂറോയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കും. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമെ ആലോചന തുടങ്ങൂ എന്ന് നേതാക്കള്‍ അറിയിച്ചു. നിലവില്‍ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയണം. എം.എ ബേബി, എ. വിജയരാഘവന് എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്തേക്കാം. തല്ക്കാലം താല്‍ക്കാലിക ചുമതലയാകും ഒരാള്‍ക്ക് നല്‍കുകയെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.