ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അപകടം. ട്രെയിനിന്റെ 20 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെങ്കിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിനിന്റെ മുന്‍ഭാഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ അറിയിച്ചു.
എട്ട് കോച്ചുകളുള്ള മെമു ട്രെയിന്‍ കാണ്‍പൂരില്‍ നിന്ന് അപകടസ്ഥലത്തേക്ക് യാത്രക്കാരെ കൊണ്ടുവരാനായി എത്തി. ബസുകള്‍ സ്ഥലത്തെത്തിച്ച് യാത്രക്കാരെ കാണ്‍പൂരിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സബര്‍മതി എക്സ്പ്രസിന്റെ എന്ജിന് ട്രാക്കില്‍ സ്ഥാപിച്ചിരുന്ന വസ്തുവില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഐബിയും യു.പി പൊലീസും അന്വേഷണം തുടങ്ങിയെന്നും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.