ഉഡുപ്പി: ഹിജാബ് പ്രശ്നത്തിന്റെ ഉഡുപ്പി എം.എല്‍.എ യശ്പാല്‍ സുവര്‍ണയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബജ്പെ സ്വദേശി മുഹമ്മദ് ആസിഫ് (32) ആണ് അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് മുഹമ്മദ് ആസിഫിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022 ജൂണില്‍ ഹിജാബ് വിഷയം കര്‍ണാടകയില്‍ കത്തിനില്ക്കുമ്പോള് ചിലര്‍ ബി.ജെ.പി നേതാവ് കൂടിയായ യശ്പാല്‍ സുവര്ണക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയിരുന്നു. എം.എല്‍.എയുടെ പരാതിയില്‍ കാപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. മുഖ്യപ്രതി ബജ്പെ കെഞ്ചരു സ്വദേശി മുഹമ്മദ് ഷാഫി(26)യെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസിഫ് ഒളിവിലായിരുന്നു. മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ആസിഫ് എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്യുകയും തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.