മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള മഞ്ഞനാടി കല്ലക്കട്ടയില് കേരള രജിസ്ട്രേഷനുള്ള കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് കോഴിക്കോട് സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് മരിച്ചു.
മംഗളൂരു കുത്താറിലെ സന്തോഷ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി അനില്‍കുമാറാണ് (41) മരിച്ചത്. ദേര്‍ളക്കട്ടയിലെ ജ്യൂസ് മാജിക് ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്ന അനില്‍കുമാര്‍ ഭക്ഷണവിതരണവും നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ അനില്‍കുമാര്‍ തന്റെ ഇരുചക്രവാഹനത്തില്‍ കല്ലക്കട്ടയില് നിന്ന് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാന്‍ പോകുമ്പോള്‍ കേരള സ്റ്റേറ്റ് രജിസ്ട്രേഷന് നമ്പറിലുള്ള കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടന്‍ തന്നെ ദേര്‍ളക്കട്ടയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അത്യാസന്ന നിലയിലായതിനാല്‍ ഹോട്ടല്‍ ഉടമ ഷാജിദ്, ഹസന് എന്നിവര്‍ ചേര്‍ന്ന് മറ്റൊരു സ്വകാര്യാസ്പത്രിയിലെത്തിച്ചു. വെള്ളിയാഴ്ച അനില്‍ മരണത്തിന് കീഴടങ്ങി.
ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തില്‍ അനില്‍കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തി. അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ മലയാളിയായ അബൂബക്കര്‍ സിദ്ധിക്കിനെതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.