മംഗളൂരു: മംഗളൂരുവില്‍ വില്‍പ്പനക്കെത്തിച്ച മൂന്നരലക്ഷത്തിന്റെ എം.ഡി.എം.എ മയക്കുമരുന്ന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. മഞ്ചേശ്വരം സ്വദേശികളുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ശിവമോഗ ടിപ്പുനഗര്‍ സ്വദേശി അബ്ദുല്‍ ഷാക്കിര്‍ (24), മഞ്ചേശ്വരം ഉദ്യാവറിലെ ഹസന് ആഷിര്‍ (34), പയ്യന്നൂര്‍ പെരിങ്ങോത്തെ എ.കെ റിയാസ് (31), മഞ്ചേശ്വരം വോര്‍ക്കാടി പാവൂരിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരത്തെ യാസിന് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് എം.ഡി.എം.എ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.സി.ബി പൊലീസ് കൊണാജെ പൊലീസ് സ്റ്റേഷന് പരിധിയിലെ നെട്ടില്ലപദവിന് സമീപം റെയ്ഡ് നടത്തിയാണ് മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടിയത്. 3,50,000 രൂപ വിലമതിക്കുന്ന 70 ഗ്രാം എം.ഡി.എം.എ, അഞ്ച് മൊബൈല്‍ ഫോണുകള്‍, 1460 രൂപ, ഡിജിറ്റല്‍ വെയ്റ്റിംഗ് സ്കെയില്‍ എന്നിവ പിടിച്ചെടുത്തു. മൊത്തം 4,25,500 രൂപയുടെ മുതലുകളാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ ഹസന് ആഷിറിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ അക്രമക്കേസും മയക്കുമരുന്നുകേസുമുണ്ട്. യാസിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും ബംഗളൂരുവിലെ ഹെബ്ബാള്‍ പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളുണ്ട്. സി.സി.ബി എ.സി.പി മനോജ് കുമാര്‍ നായകിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍, എസ്.ഐ ശരണപ്പ ഭണ്ഡാരി, മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടിയത്.