കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.വി.കെ നമ്പൂതിരിയുടെ പേരില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ രൂപീകരിച്ച ഫൗണ്ടേഷന് റിപ്പബ്ലിക് ദിനത്തില്‍ യാഥാര്‍ത്ഥ്യമായി. ഇന്നലെ രാവിലെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രമുഖരടക്കം അണിനിരന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രുവാണ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു മികച്ച അഭിഭാഷകന് എന്നതിലുപരി പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടി അഡ്വ. പി.വി.കെ നമ്പൂതിരി നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ഫൗണ്ടേഷന് ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന് സെക്രട്ടറിയും പി.വി.കെ നമ്പൂതിരിയുടെ മകനുമായ അഡ്വ. പി.വി ജയരാജന് സ്വാഗതം പറഞ്ഞു. വെബ്സൈറ്റിന്റെ പ്രകാശന കര്‍മ്മം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. പി.വി.കെ നമ്പൂതിരിയുടെ സഹോദരനും സിനിമാ നടനുമായിരുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മകനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഇ. ചന്ദ്രശേഖരന് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, മുന്‍ എം.പി പി. കരുണാകരന്, മുന്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി.പി ജോണ്‍, അഡ്വ. ഐ.വി ഭട്ട്, പ്രൊഫ. എം.എം നാരായണന്, അഡ്വ. യു.എസ് ബാലന് തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി വരച്ച പി.വി.കെ നമ്പൂതിരിയുടെ കാരിക്കേച്ചര്‍ ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി പി.വി രവീന്ദ്രന് കൈമാറി. അഡ്വ. എ.ജി നായര്‍ നന്ദി പറഞ്ഞു.