പരവനടുക്കം: പുട്ടിനോട് ഒന്ന് മുട്ടിനോക്കാന്‍ അവര്‍ തീരുമാനിച്ചു. പാചകത്തിന്റെ ക്യാപ്പിട്ട് പാകം നോക്കി പൊടി കുഴച്ച് പൈനാപ്പിളും പഴവും പയറും കാരറ്റും ബീട്ട്റൂട്ടും ഇടകലര്‍ത്തി നിറച്ച് പുട്ടിനെ മേക്ക് ഓവര്‍ നടത്തി കുട്ടപ്പനാക്കി അവതരിപ്പിച്ചു. പുട്ടിന്റെ പകിട്ടും പാകവും പഠിച്ച് വീട്ടിലും ഒരു കൈ നോക്കാമെന്ന് ഉറപ്പിച്ചാണ് അവര്‍ പിരിഞ്ഞത്. യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം, കാസര്‍കോട് ബി.ആര്.സി നടത്തിയ ലൈഫ്-24 ക്യാമ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട പുട്ടിനെ സമീകൃതമാക്കാന്‍ കുട്ടികള്‍ ശ്രമം നടത്തിയത്. 9-ാം തരം വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത നൈപുണികള്‍ പരിശീലിക്കാനുള്ള ത്രിദിന ക്യാമ്പില്‍ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 37 കുട്ടികള്‍ പങ്കെടുത്തു. പാചകം, കൃഷി, പ്ലംബിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. ചെമ്മനാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന് ബെര്‍ണാഡ് മൊന്തേരോ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബി.പി.സി ടി. കാസിം, ജയലക്ഷ്മി, സുധീഷ്, അഖില്‍, സാഹിദ്, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം നാളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എന്‍ സരിത ഉദ്ഘാടനം ചെയ്യും.