കാസര്‍കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ ബങ്കളത്ത് നിന്ന് 5 പെണ്‍പുലികള്‍. ഒരേ മൈതാനത്ത് പന്തു തട്ടുന്ന അഞ്ചു കളിക്കാര്‍ കേരള ടീമില്‍ ഇടം നേടുന്നത് ചരിത്രത്തിന്റെ ഭാഗമായി. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കൂടിയായ ക്യാപ്റ്റന്‍ പി.മാളവിക, ഗോള്‍കീപ്പറായി എം.രേഷ്മ, പ്രതിരോധത്തില്‍ എം.അഞ്ജിത, പി.അശ്വതി, എസ്.ആര്യശ്രീ എന്നിവരാണ് സംസ്ഥാന ടീമില്‍ ഇടം പിടിച്ചത്. ബങ്കളം വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്കില്‍ പരിശീലനം നടത്തുന്ന ഒരേ നാട്ടുകാരാണിവര്‍.
ഒന്നര ആഴ്ച്ചത്തെ ക്യാമ്പിനു ശേഷം അന്തിമ ടീമിനെ ഞായറാഴ്ചയാണ് തിരഞ്ഞെടുത്തത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ്, ഗോവ എന്നിവരുള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ഇത്തവണ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ചിന് നടക്കുന്ന ആദ്യ കളിയില്‍ ഹിമാചലാണ് കേരളത്തിന് എതിരാളികള്‍.